Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘നെതന്യാഹുവിനെ...

‘നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം’; സൊഹ്റാൻ മംദാനിക്ക് പിന്തുണയുമായി ആംനസ്റ്റി ഇന്റർനാഷണൽ

text_fields
bookmark_border
benjamin netanyahu
cancel
camera_alt

ബിന്യമിൻ നെതന്യാഹു

ലണ്ടൻ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളുടെ പശ്ചാത്തലത്തിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യണമെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ സീനിയർ ഡയറക്ടർ എറിക ഗുവേര റോസാസാണ് ആവശ്യപ്പെട്ടത്.

ന്യൂയോർക്ക് സന്ദർശിക്കാനെത്തുന്ന നെതന്യാഹുവിനെ തടവിലാക്കണമെന്ന് ആവശ്യപ്പെട്ട് മംദാനി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് കൊണ്ടാണ് റോസാസ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ അധികാരികൾ മനുഷ്യാവകാശങ്ങളും നിയമവ്യവസ്ഥയും മാനിക്കാൻ തയാറാകണമെന്ന് അവർ എക്‌സിൽ കുറിച്ചു.

‘അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ പ്രചാരണം നടത്തുന്നതിനും വംശഹത്യ നടത്തുന്ന ഒരു സർക്കാരിന് ആയുധങ്ങൾ നൽകിപ്പോരുന്നതിനും പകരം, അമേരിക്കൻ അധികാരികൾ മനുഷ്യാവകാശങ്ങളും നിയമവ്യവസ്ഥയും മാനിക്കാൻ തയാറാകണം. ന്യൂയോർക്ക് മേയർ മംദാനി പറഞ്ഞത് തികച്ചും ശരിയാണ്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് വിചാരണക്കായി അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുന്നിൽ ഹാജരാക്കണം’- റോസാസ് പറഞ്ഞു.

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ തങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ മംദാനി, അമേരിക്കൻ ഫെഡറൽ സർക്കാരിന് അതിന് അധികാരമുണ്ടെന്നും ഐ.സി.സിയുമായി സഹകരിച്ച് വാറന്റ് നടപ്പാക്കാൻ തയാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം ന്യൂയോർക്കിന് നേരിട്ട് വാറന്റ് നടപ്പാക്കാൻ കഴിയില്ലെങ്കിലും നെതന്യാഹുവിനെ തങ്ങളുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യില്ലെന്ന് മംദാനി അറിയിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ സ്ഥാനം ദി ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണെന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, ന്യൂയോർക്ക് മേയറുടെ പ്രസ്താവനക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ വെച്ച് ബിന്യമിൻ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിൽ കുറിച്ചു. നേരത്തേ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും, അഫ്ഗാനിസ്താനിലെ യു.എസ് സൈനികരുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചതിനുമുള്ള പ്രതികാരമായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാർക്കെതിരെ ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്കിടെ യുദ്ധക്കുറ്റങ്ങൾ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി 2024ൽ തന്നെ ബിന്യാമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ വംശഹത്യക്കും മനഃപൂർവമുള്ള പട്ടിണിക്കിടലും ഉൾപ്പെടെയുള്ള ഗുരുതരമായ യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പേരിൽ ഇസ്രായേൽ അധികാരികൾക്കെതിരെ ശക്തമായ നിലപാടാണ് ആംനസ്റ്റി ഇന്റർനാഷണൽ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഗസ്സയിലെ സാധാരണ ജനങ്ങൾക്ക് മേൽ നടത്തുന്ന വ്യവസ്ഥാപിതമായ ആക്രമണങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും, കുറ്റവാളികൾ അന്താരാഷ്ട്ര നിയമത്തിന് മുന്നിൽ ഉത്തരവാദികളാക്കപ്പെടണമെന്നും സംഘടന ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗസ്സയിൽ വംശഹത്യ നടക്കുന്നുണ്ടെന്നും ഇസ്രായേൽ സൈന്യം അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി കാറ്റിൽപറത്തുകയാണെന്നും ചൂണ്ടിക്കാട്ടി മുൻപും ആംനസ്റ്റി നിരവധി പ്രമേയങ്ങളും റിപ്പോർട്ടുകളും പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് നടപ്പിലാക്കണമെന്ന ആവശ്യവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. ആഗോളതലത്തിൽ വലിയ ചർച്ചയായ ഈ വിഷയത്തിൽ മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദം ശക്തമാകുന്നതാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuamnesty internationalInternational Criminal CourtWar CrimeGaza Genocide
News Summary - Amnesty International official calls for Netanyahu’s arrest
Next Story