Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅന്താരാഷ്ട്ര നീതിക്ക്...

അന്താരാഷ്ട്ര നീതിക്ക് നേരെയുള്ള കടന്നുകയറ്റം; ഐ.സി.സി ഉദ്യോഗസ്ഥർക്ക് മേലുള്ള യു.എസ് ഉപരോധത്തെ വിമർശിച്ച് ആംനസ്റ്റി

text_fields
bookmark_border
അന്താരാഷ്ട്ര നീതിക്ക് നേരെയുള്ള കടന്നുകയറ്റം; ഐ.സി.സി ഉദ്യോഗസ്ഥർക്ക് മേലുള്ള യു.എസ് ഉപരോധത്തെ വിമർശിച്ച് ആംനസ്റ്റി
cancel

വാഷിങ്ടൺ: അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരെ (ഐ.സി.സി) യു.എസ് ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളിൽ ആംനസ്റ്റി ഇന്റർനാഷണൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇത് അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥക്ക് മേലുള്ള അന്തസ്സില്ലാത്ത കടന്നുകയറ്റമാണെന്നും, കോടതിയെ ഭയപ്പെടുത്താനും നീതി നടപ്പിലാക്കുന്നതിൽ നിന്ന് തടയാനുമുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ ഉദ്യോഗസ്ഥ എറിക ഗേവാര റോസാസ് വ്യക്തമാക്കി.

എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗേവാര റോസാസ് യു.എസിന്റെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയത്. ഐ.സി.സി പ്രസിഡന്റ് ടോമോക്കോ അക്കാനെ, മുതിർന്ന വിചാരണ അഭിഭാഷകൻ അബ്ദുലായെ സെയേ എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനെ അവർ കടുത്ത ഭാഷയിൽ വിമർശിച്ചു. ഈ നടപടികൾ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടിയുള്ളതല്ലെന്നും മറിച്ച് ശക്തരായ ചില വ്യക്തികളെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അവർ തുറന്നടിച്ചു.

ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ മൗനം വെടിയണമെന്ന് അവർ ആവശ്യപ്പെട്ടു. “രാഷ്ട്രങ്ങൾ അടിയന്തരമായും പരസ്യമായും ഈ പ്രതികാര നടപടികളെ തള്ളിക്കളയണം. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഭീഷണികളോ രാഷ്ട്രീയ ഇടപെടലുകളോ ഇല്ലാതെ കോടതിക്ക് അതിന്റെ നിർണായക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പാക്കാനും എല്ലാവരും മുന്നോട്ടുവരണം,” അവർ അഭ്യർത്ഥിച്ചു.

യു.എസിന്റെ ഈ നടപടിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയും ശക്തമായി അപലപിച്ചിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നതിന്റെ പേരിൽ നീതിന്യായ രംഗത്തുള്ള വ്യക്തികളെ ഭീഷണിപ്പെടുത്തുന്നത് ആഗോള നിയമ വ്യവസ്ഥയെ തന്നെ വലിയ അപകടത്തിലാക്കുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ സംഘത്തിലെ മുതിർന്ന അഭിഭാഷകനാണ് ഉപരോധത്തിന് ഇരയായ അബ്ദുലായെ സെയേ. നെതന്യാഹുവിനെയും മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും ലക്ഷ്യമിട്ടുള്ള ഐ.സി.സിയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും യു.എസ്. ചില കോടതി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഉപരോധപ്രകാരം ഈ വ്യക്തികളുടെ യു.എസിലെ ആസ്തികൾ മരവിപ്പിക്കപ്പെടും. കൂടാതെ, ലോകത്തെ പ്രധാനപ്പെട്ട ബാങ്കുകളുമായൊക്കെ ബന്ധമുള്ള അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഇവരെ പൂർണമായി ഒഴിവാക്കുകയും ചെയ്യും. ഇതിനിടെ യു.എസിന്റെ ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മൂന്ന് ഐ.സി.സി ജഡ്ജിമാർ കഴിഞ്ഞ ജൂണിൽ ട്രംപിനും ഭരണകൂടത്തിനുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു. അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെയും മറ്റുള്ളവരെയും പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷിക്കാനാണ് തങ്ങൾ ഈ നിലപാട് സ്വീകരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് സൈനികർക്കും ഉദ്യോഗസ്ഥർക്കും എതിരെ കോടതി നടത്തുന്ന അന്വേഷണങ്ങളെ പ്രതിരോധിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമെന്നാണ് ഭരണകൂടത്തിന്റെ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amnesty internationalInternational Criminal CourtUS SanctionDonald Trump
News Summary - Amnesty official slams US sanctions on ICC officials
Next Story