യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമിടെ 80-ാം ജന്മദിനം ആഘോഷിച്ച് യു.എൻ; പുതിയ ‘യു.എൻ 80’ പദ്ധതി മാറ്റം കൊണ്ടുവരുമോ?
text_fieldsയുനൈറ്റഡ് നാഷൻസ്: ലോകത്തിന്റെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള ആഗോള വേദിയായ ഐക്യരാഷ്ട്രസഭ അതിന്റെ 80-ാം ജന്മദിനം ആഘോഷിക്കുന്നു. പിറവി കൊണ്ടതിൽനിന്നും വളരെ വ്യത്യസ്തമായ ഒരു കാലത്തിലും ലോകത്തിലുമാണ് അത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് രണ്ടു മാസത്തിനുള്ളിൽ 1945 ഒക്ടോബർ 24നാണ് യു.എൻ ഔദ്യോഗികമായി നിലവിൽ വന്നത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുക, മനുഷ്യാവകാശങ്ങളിലുള്ള വിശ്വാസം ഉറപ്പിക്കുക, സാമൂഹിക പുരോഗതിയും മെച്ചപ്പെട്ട ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുക, ഉടമ്പടികളിൽ നിന്നും അന്താരാഷ്ട്ര നിയമത്തിൽ നിന്നും ഉണ്ടാകുന്ന ബാധ്യതകളോടുള്ള നീതിയും ബഹുമാനവും ഉറപ്പാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ അതിന്റെ ചാർട്ടറിൽ ഉൾപ്പെടുന്നു.
എന്നാൽ, യുക്രെയ്ൻ യുദ്ധത്തിന്റെയും ഗസ്സ വംശഹത്യയുടെയും പശ്ചാത്തലത്തിലും സുഡാൻ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കൊടും പട്ടിണിയും ആഭ്യന്തര കലാപങ്ങളും അധികരിക്കുന്ന സാഹചര്യത്തിലും നിരവധി വിമർശനങ്ങൾ നേരിടുകയാണ് യു.എൻ. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഈ പ്ലാറ്റ്ഫോം ഇവിടങ്ങളിലെല്ലാം നോക്കുകുത്തിയാവുകയാണെന്നാണ് അതിലെ പ്രധാന ആരോപണം.
എട്ടു പതിറ്റാണ്ടുകൾക്കു ശേഷം, ആഗോള സംഘർഷങ്ങളുടെയും ബജറ്റ് വെട്ടിക്കുറവുകളുടെയും രൂപത്തിലുള്ള വെല്ലുവിളികൾക്കിടയിലും സംഘടന ‘യു.എൻ 80’ എന്ന പുതിയ പദ്ധതിയിലൂന്നിയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് പുന:ർവിചിന്തനം നടത്തുകയാണ്. യു.എന്നിന്റെ വികസനത്തിനും മാനുഷിക വ്യവസ്ഥക്കുമുള്ള സമീപനങ്ങൾ അവലോകനം ചെയ്യാനും പുതുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.
‘യു.എൻ 80’ എന്താണ് ലക്ഷ്യമിടുന്നത്?
യുക്രെയ്ൻ, സുഡാൻ, ഗസ്സ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മറ്റിടങ്ങൾ എന്നിവിടങ്ങളിലെ സംഘർഷങ്ങളുടെ സമയത്ത് അവർ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി യു.എൻ ആവിഷ്കരിക്കാനൊരുങ്ങുന്നത്. ‘സത്യസന്ധമായി പറഞ്ഞാൽ, ബഹുരാഷ്ട്രവാദത്തിനും യു.എന്നിനും ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കൂട്ടം സാഹചര്യങ്ങളിൽ നാം എത്രത്തോളം അനുയോജ്യമാണെന്ന് കാണാൻ ഇത് സ്വയം പരിശോധിക്കേണ്ട സമയമാണ്’ -യു.എൻ 80 യുടെ ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷൻ ഗൈ റൈഡർ പറയുന്നു.
‘യു.എൻ 80’യുടെ പ്രക്രിയയിൽ മൂന്ന് തരത്തിലുള്ള പരിഷ്കാരങ്ങൾ ഉൾപ്പെടും. അതിൽ ആദ്യത്തേത്, ആന്തരിക കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ടുള്ളതാണ്.
രണ്ടാമത്തേത്, കാലഹരണപ്പെട്ടവ നീക്കം ചെയ്യലാണ്. സംഘടനയുടെ ലക്ഷ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുകയും ആവശ്യമില്ലാത്തവ ഒഴിവാക്കുകയും ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ.
മൂന്നാമതായി, പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന് വിഭവങ്ങൾ പരിഷ്കരിക്കുകയും പുനർമൂല്യനിർണയം ചെയ്യുകയും ചെയ്യും. യു.എൻ സംവിധാനത്തിലുടനീളം ഘടനാപരമായ മാറ്റങ്ങളും പരിപാടികളുടെ പുനഃക്രമീകരണവും ആവശ്യമുണ്ടോ എന്ന് പരിശോധിക്കും.
സംഭാവനകൾ തടഞ്ഞുവെക്കുകയും വിദേശ സഹായം വെട്ടിക്കുറക്കുകയും ചെയ്യുന്ന സർക്കാറുകളുടെ സമ്മർദത്തിലാണിപ്പോൾ യു.എന്നിന്റെ ബജറ്റ്. അക്കാരണത്താൽ ‘യു.എൻ 80’ ഒരു ചെലവ് ലാഭിക്കൽ വ്യായാമമാണെന്ന വിമർശനവുമുണ്ട്.
യു.എൻ തന്നെ അതിന്റെ സാമ്പത്തിക സമ്മർദങ്ങളെ നിഷേധിക്കാനാവാത്തത് എന്ന് വിശേഷിപ്പിച്ചിരുന്നു. ബജറ്റ് കമ്മി കാരണം അപകടത്തിലായ നിരവധി ജീവൻരക്ഷാ സഹായ പദ്ധതികളെ ചുറ്റിപ്പറ്റിയാണ് വെട്ടിക്കുറക്കലുകൾ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നതെന്നും പറയുന്നു. താജിക്കിസ്താനിലെ എച്ച്.ഐ.വി/എയ്ഡ്സ് പ്രവർത്തനവും ഡി.ആർ.സി, സുഡാൻ, ഹെയ്തി, അഫ്ഗാനിസ്താൻ തുടങ്ങിയ പ്രതിസന്ധി മേഖലകളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള സംരക്ഷണവും ഇതിനാൽ പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ്.
എന്നാൽ, ‘യു.എൻ 80’ ചെലവ് ചുരുക്കലിനെക്കുറിച്ചോ ആളുകളുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ചോ അല്ല എന്ന് സംഘടന പറയുന്നു. ‘പരിഷ്കരണം’ എന്നാണ് ഈ സംരംഭത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭക്ക് സ്വയം രൂപാന്തരപ്പെടാൻ കഴിയുമെങ്കിൽ, മെച്ചപ്പെടുത്തലുകൾ വരുത്താൻ കഴിയുമെങ്കിൽ ജീവൻ രക്ഷിക്കുന്ന ഇടപെടലുകൾ ഞങ്ങൾ സേവിക്കുന്ന ആളുകളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിച്ചേരുമെന്നാണ് അർഥം എന്നും ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

