കശ്മീർ വീണ്ടും എടുത്തിട്ട് ട്രംപ്; മൂന്നാം കക്ഷി ഇടപെടൽ തള്ളി ഇന്ത്യ
text_fieldsന്യൂഡൽഹി: കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനുള്ള താൽപര്യം ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എന്നാൽ, മൂന്നാംകക്ഷി ഇടപെടലിനുള്ള സാധ്യത ഇന്ത്യ വീണ്ടും തള്ളി. കശ്മീർ കാര്യത്തിൽ ചർച്ച ആവശ്യമെങ്കിൽ അത് പാകിസ്താനുമായുള്ള പരസ്പര ചർച്ച മാത്രമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
രണ്ടാഴ്ച മുമ്പാണ് പാക് പ്രധാനമന്ത്രി ഇംറാൻഖാനുമൊത്ത് വൈറ്റ് ഹൗസിലെ വാർത്തസമ്മേളനത്തിൽ സംസാരിക്കുേമ്പാൾ കശ്മീർ വിഷയം ട്രംപ് എടുത്തിട്ടത്. ജപ്പാനിൽ ജി-20 ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കണ്ടപ്പോൾ കശ്മീർ ചർച്ചക്ക് മധ്യസ്ഥനാകാമോ എന്ന് ചോദിെച്ചന്ന ട്രംപിെൻറ പരാമർശം വലിയ ഒച്ചപ്പാടിന് ഇടയാക്കി. പാർലമെൻറിൽ സർക്കാർ നിഷേധിച്ചു. എന്നാൽ, മോദി ഇതേക്കുറിച്ച് പ്രസ്താവന നടത്തിയില്ല.
കശ്മീർ വിഷയത്തിൽ ഇടപെടാൻ അമേരിക്കക്ക് സവിശേഷ താൽപര്യമുണ്ടെന്ന് ട്രംപിെൻറ പുതിയ പ്രസ്താവന തെളിയിക്കുന്നു. മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് വിശദീകരിച്ചില്ലെങ്കിലും കശ്മീർ പ്രശ്നത്തിൽ സഹായിക്കാൻ താൻ തയാറാണെന്ന് വാർത്തസമ്മേളനത്തിൽ ട്രംപ് ആവർത്തിച്ചു. ‘‘കശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണ്. എന്നാൽ, രണ്ടു രാജ്യങ്ങളും തെൻറ മധ്യസ്ഥത ആഗ്രഹിക്കുന്നുവെങ്കിൽ സഹായിക്കാൻ തയാർ’’- ട്രംപ് പറഞ്ഞു.
മധ്യസ്ഥതക്കാര്യം പ്രധാനമന്ത്രി മോദിയാണ് തീരുമാനിക്കേണ്ടതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. രണ്ടു പ്രധാനമന്ത്രിമാരും നല്ലവരാണ്. അവർക്ക് നല്ല നിലക്ക് മുന്നോട്ടുനീങ്ങാൻ പറ്റുമെന്നാണ് താൻ കരുതുന്നത്. എങ്കിലും, ആരെങ്കിലും ഇടപെടണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സഹായിക്കാം -ട്രംപ് പറഞ്ഞു. ഇതിനു തൊട്ടുപിന്നാലെ വിദേശകാര്യ മന്ത്രി ജയശങ്കറിെൻറ ട്വിറ്റർ സന്ദേശം വന്നു. കശ്മീർ ഇന്ത്യ-പാക് ഉഭയകക്ഷി ചർച്ചാവിഷയമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെ അറിയിച്ചിട്ടുണ്ടെന്ന് ട്വിറ്ററിൽ അദ്ദേഹം വിശദീകരിച്ചു.
അതേസമയം, വ്യാപാര കരാറിെൻറ കാര്യത്തിൽ ഇന്ത്യ-അമേരിക്ക ബന്ധങ്ങളിൽ നിലനിൽക്കുന്ന നീരസങ്ങൾക്കൊപ്പം എഫ്-16 യുദ്ധവിമാനം പാകിസ്താന് വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തോടുള്ള ഇന്ത്യൻ പ്രതികരണവും ട്രംപിെൻറ ആവർത്തിച്ചുള്ള കശ്മീർ പ്രസ്താവനയിൽ നിഴലിക്കുന്നുവെന്നാണ് നയതന്ത്രതലത്തിൽ വിലയിരുത്തപ്പെടുന്നത്.