ലോക പൈതൃകപ്പട്ടികയിൽ മൂന്ന് കേന്ദ്രങ്ങൾ കൂടി
text_fieldsന്യൂയോർക്: യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ മൂന്ന് കേന്ദ്രങ്ങൾ കൂടി. കെനിയയിലെ ഡ്രൈസ്റ്റോണും ഒമാനിലെ പുരാതന നഗരവും സൗദി അറേബ്യയിലെ മരുപ്പച്ചയുമാണ് പൈതൃകപ്പട്ടികയിൽ ഇടംപിടിച്ചത്.

ബഹ്റൈനിൽ നടന്ന ലോക പൈതൃക സമിതിയുടെ 42ാമത് യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. കെനിയയിലെ മിഗോറി നഗരത്തിന് വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ‘തിമിലിച്ച് ഒഹിങ്ക’ എന്നറിയപ്പെടുന്ന കല്ലിൻകൂടാരം 16ാം നൂറ്റാണ്ടിലെ സൃഷ്ടിയാണ്.

11-15 നൂറ്റാണ്ടിനിടയിൽ സജീവമായിരുന്ന പുരാതന തുറമുഖ നഗരമാണ് ഒമാനിലെ ഖൽഹത്തിനടുത്ത ശേഷിപ്പുകൾ. കിഴക്കൻ അറേബ്യൻ ഉപദ്വീപിലെ മനോഹര സൃഷ്ടിയാണ് സൗദിയിലെ അൽഅഹ്സ മരുപ്പച്ച. കനാലുകളും പൂന്തോട്ടങ്ങളും കിണറുകളും ചരിത്ര കെട്ടിടങ്ങളും കൊണ്ട് ആകർഷകമാണ് അൽഅഹ്സ.
