സിറിയ രാസായുധാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: സിറിയ വീണ്ടും രാസായുധാക്രമണത്തിന് പദ്ധതിയിടുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ. വീണ്ടും രാസായുധം പ്രയോഗിക്കുകയാണെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്ക സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിന് മുന്നറിയിപ്പു നൽകി. അസദ് ഭരണകൂടം വീണ്ടും രാസായുധാക്രമണം നടത്തിയാൽ സിവിലിന്മാരുടെ കൂട്ടമരണമാണ് സംഭവിക്കുക.
സിറിയയിലെയും ഇറാഖിലെയും െഎ.എസ് ഭീകരരെ ഉന്മൂലനംചെയ്യാനുള്ള ശ്രമമാണ് അമേരിക്ക നടത്തിവരുന്നത്. എന്നാൽ, ബശ്ശാർ അൽ അസദ് വീണ്ടും രാസായുധ പ്രയോഗത്തിലൂടെ കൂട്ടക്കൊലയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹത്തിെൻറ സൈന്യം വലിയ വില കൊടുക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഏപ്രിലിൽ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കു കിഴക്കൻ പ്രവിശ്യയായ ഇത്ലിബിൽ സിറിയൻ സേന രാസായുധം പ്രയോഗിച്ചിരുന്നു. സമാനമായ ആക്രമണത്തിന് സൈന്യം ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. സിറിയൻ സർക്കാർ വിമത സ്വാധീന മേഖലകളിൽ രാസായുധ പ്രയോഗം നടത്തുന്നതിനെതിരെ അമേരിക്ക മുമ്പും താക്കീത് നൽകിയിരുന്നു. ഇദ്ലിബിലെ രാസായുധാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന്, ട്രംപ് സിറിയക്കെതിരെ സൈനിക നടപടി പ്രഖ്യാപിപ്പിക്കുകയും സൈനിക താവളത്തിനുനേരെ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. സിറിയൻ വ്യോമത്താവളത്തിനു നേരെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
