യു.എസിലെത്തിയത് മെച്ചപ്പെട്ട ജീവിതം തേടി –ഗുർപ്രീതിെൻറ മാതാപിതാക്കൾ
text_fieldsവാഷിങ്ടൺ: മകൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയാണ് യു.എസിലെത്തിയതെന്ന് മെക്സികോ അതിർത്തിയിലെ മരുഭൂമിയിൽ ദാരുണമായി മരിച്ച ആറുവയസ്സുകാരി ഗുർപ്രീത് കൗറിെൻറ മാതാപിതാക്കൾ. ദാഹിച്ചുവലഞ്ഞ മകൾക്കായി മറ്റ് ഇന്ത്യക്കാർക്കൊപ്പം മാതാവ് വെള്ളമെടുക്കാൻ പോയപ്പോഴാണ് ഗുർപ്രീതിെൻറ മരണം സംഭവിക്കുന്നത്. അരിസോണയിലെ ലൂക്വില്ലിൽനിന്ന് 27 കി.മി അകലെയായാണ് കുട്ടിയുടെ മൃതദേഹം അതിർത്തിരക്ഷ സേന കണ്ടെത്തിയത്.
2013 മുതൽ യു.എസിലാണ് കുട്ടിയുടെ പിതാവ് എ. സിങ്. യു.എസിൽ സ്ഥിരതാമസത്തിനായി ഇദ്ദേഹം നൽകിയ അപേക്ഷ ന്യൂയോർക് കുടിയേറ്റ കോടതിയുടെ പരിഗണനയിലാണ്. ഈ മാസാദ്യമാണ് മാതാവ് എസ്. കൗറിനൊപ്പം ഗുർപ്രീത് അതിർത്തി കടന്നത്. പഞ്ചാബിൽ താമസിച്ചിരുന്ന വീട് ഉപേക്ഷിച്ചാണോ ഇവർ യു.എസിലെത്തിയതെന്ന് വ്യക്തമല്ല. അവരുടെ കൂടെ ഇന്ത്യക്കാരായ മറ്റുചിലരുമുണ്ടായിരുന്നു. ഇന്ത്യയിൽനിന്ന് മെക്സികോ അതിർത്തി വഴി യു.എസിലേക്ക് കടക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. 2013ൽ ഗുർപ്രീതിെൻറ ജനനശേഷം മാതാപിതാക്കൾ തമ്മിൽ കണ്ടിട്ടില്ല. ഇപ്പോൾ ഇരുവരും ഒരുമിച്ചാണ്. ന്യൂയോർക് സിറ്റിയിൽ സിഖ് സംഘടനകളുടെ സഹായത്തോടെ മകളെ സംസ്കരിക്കാനാണ് ഇരുവരും ലക്ഷ്യമിടുന്നത്.