അമേരിക്കയിലെ ഇന്ത്യക്കാർക്ക് സാമ്പത്തിക തിരിച്ചടിയെന്ന് സർവേ
text_fieldsവാഷിങ്ടൺ: കോവിഡ് മഹാമാരി അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാമ്പത്തികമായും ആരോഗ്യപരമായും ബാധിച്ചതായി സർവേ. ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡയസ്പോറ സ്റ്റഡീസ് ആണ് സർവേ നടത്തിയത്. അഞ്ചിൽ രണ്ട് ഇന്ത്യക്കാരും ദീർഘകാല സാമ്പത്തിക പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി സമ്മതിച്ചു.
ഇന്ത്യൻ വംശജരിൽ 30 ശതമാനത്തിനും ശമ്പളത്തിലും കുറവുണ്ടായി. സർവേയിൽ പങ്കെടുത്ത ആറുപേരിൽ ഒരാൾക്ക് കോവിഡ് ബാധിക്കുകയോ കുടുംബത്തിൽ ആർക്കെങ്കിലും രോഗമുണ്ടാകുകയോ ചെയ്തിട്ടുണ്ട്.
കുറച്ച് ഇന്ത്യൻ വംശജർക്ക് മാത്രമേ താമസ- കുടിയേറ്റ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുള്ളൂ. കുടുംബബന്ധങ്ങളിൽ ഗുണകരമായ മാറ്റമുണ്ടാകാൻ കോവിഡ് ഉപകാരപ്പെട്ടതായി ബഹുഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. മാനസിക പിരിമുറുക്കവും നിരാശയും വർധിച്ചതായി നാലിലൊന്നുപേർ സമ്മതിച്ചു. അമേരിക്കയിലെ ഭൂരിഭാഗം ഇന്ത്യൻ വംശജരും ജീവിതശൈലി മാറ്റിയതായും ഫൗണ്ടേഷൻ വ്യക്തമാക്കി.