You are here

യു.എസിൽ 25 നഗരങ്ങളിൽ കർഫ്യൂ; നിലക്കാതെ പ്രക്ഷോഭം, വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ

10:41 AM
31/05/2020
പ്രക്ഷോഭകർ ലോസ് ആഞ്ചലസിലെ പൊലീസ് കിയോസ്കിന് തീയിട്ടപ്പോൾ (ഫോട്ടോ കടപ്പാട്: സി.എൻ.എൻ)

വാഷിങ്ടൺ: ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്ന് രാജ്യമെമ്പാടും ഉടലെടുത്ത പ്രക്ഷോഭം അമേരിക്കയിൽ അഞ്ചാം ദിവസവും തുടരുന്നു. നിരവധിയിടങ്ങളിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പ്രക്ഷോഭകരെ ശക്തമായി നേരിടുന്നതിനായി നാഷണൽ ഗാർഡ് സേനയെ വിവിധ നഗരങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. 16 സംസ്ഥാനങ്ങളിലെ 25 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. കലിഫോർണിയ, കൊളറാഡോ, ഫ്ലോറിഡ, ജോർജിയ, ഇല്ലിനോയിസ്, കെന്‍റക്കി, മിനെസോട്ട, ന്യൂയോർക്ക്, ഓഹിയോ, ഒറിഗോൺ, പെൻസിൽവാനി‍യ, സൗത് കരോലിന, ടെന്നസി, ഉട്ടാ, വാഷിങ്ടൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് കർഫ്യൂ. 

വംശവെറിക്കിരയായി കൊലചെയ്യപ്പെട്ട ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന് നീതി ലഭ്യമാക്കണമെന്നും കറുത്തവർക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യമെമ്പാടും പ്രക്ഷോഭകർ തെരുവിലിറങ്ങിയത്. തുടർച്ചയായ അഞ്ചാംദിവസവും വ്യാപക പ്രതിഷേധമാണുയർന്നത്. കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭകർ നഗരത്തിലിറങ്ങി. 

രാത്രി എട്ടോടെ കർഫ്യൂ പ്രാബല്യത്തിൽവന്ന മിനിയപോളിസിൽ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്ത് ഒഴിപ്പിക്കാൻ തുനിഞ്ഞു. കണ്ണീർവാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. നാഷനൽ ഗാർഡ് ഹെലികോപ്ടറിൽ ജലപീരങ്കി ഉപയോഗിച്ചു. 

ടെന്നിസിയിൽ നാഷ്വില്ലെസ് സിറ്റി ഹാളിന് പ്രക്ഷോഭകർ തീവെച്ചു. ന്യൂയോർക്കിൽ ആയിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നു. പ്രക്ഷോഭകർക്കിടയിലേക്ക് ഇരച്ചുകയറിയ രണ്ട് പൊലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടാ‍യി. 12 പൊലീസുകാർക്ക് പരിക്കേറ്റു.  

രാജ്യത്ത് പ്രധാനപ്പെട്ട 48 നഗരങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്. സാൻഫ്രാൻസിസ്കോയിൽ സിറ്റി ഹാളിന് പുറത്ത് വൻ ജനക്കൂട്ടം പ്രതിഷേധവുമായെത്തി. മിയാമിയിൽ ഹൈവേയിൽ ഗതാഗതം തടഞ്ഞു. ഫിലാഡൽഫിയയിൽ പ്രതിമ തകർക്കാനും ശ്രമമുണ്ടായി. 

ഷിക്കാഗോയിൽ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. പ്രക്ഷോഭകർ പതാക കത്തിക്കുകയും ട്രംപ് ഇന്‍റർനാഷന്‍റൽ ഹോട്ടലിന് നേരെ മാർച്ച് നടത്തുകയും ചെയ്തു. പൊലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. 

പ്രക്ഷോഭകർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പ്രസിഡന്‍റ് ട്രംപ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് സൈനിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സൈനിക പൊലീസിനെ വിന്യസിക്കാനുള്ള അമേരിക്കൻ സൈന്യത്തിന്‍റെ വാഗ്ദാനം മിന്നെസോട്ട ഗവർണർ ടിം വാൾസ് സ്വീകരിച്ചില്ല. 13,000 നാഷണൽ ഗാർഡുകളെ സംസ്ഥാനത്ത് വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു. 

മിന്നെസോട്ടയെ കൂടാതെ ജോർജിയ, കെന്‍റക്കി, വാഷിങ്ടൺ ഉൾപ്പെടെ 14 സംസ്ഥാനങ്ങൾ പ്രക്ഷോഭകരെ നേരിടാൻ നാഷണൽ ഗാർഡ്സിനെ വിന്യസിക്കുകയാണ്. നിരവധി നഗരങ്ങളിൽ രാത്രി കർഫ്യൂ നിലവിലുണ്ട്. യു.എസ് സൈനിക പൊലീസ് യൂനിറ്റുകൾക്ക് തയാറായിരിക്കാനുള്ള നിർദേശം പെന്‍റഗൺ നൽകിയിരിക്കുകയാണ്. 

ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിച്ച മിനിയപൊളിസ് മേയർ ജേക്കബ് ഫ്രേ പ്രക്ഷോഭകരോട് പിൻവാങ്ങാൻ അഭ്യർഥിച്ചു. വീടുകളിലേക്ക് മടങ്ങാനും കടകളും സ്ഥാപനങ്ങളും നശിപ്പിക്കുന്നത് നിർത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു നഗരത്തെ തകർത്തുകൊണ്ട് ഒന്നും തിരികെ ലഭിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  

 

Loading...
COMMENTS