യു.എസിലെ കോൺസുലേറ്റ് അടച്ചുപൂട്ടൽ: രൂക്ഷ വിമർശനവുമായി റഷ്യ
text_fieldsമോസ്കോ: അമേരിക്കൻ നഗരമായ സാൻഫ്രാൻസിസ്കോയിലെ കോൺസുലേറ്റും വാഷിങ്ടൺ, ന്യൂയോർക് നഗരങ്ങളിലെ റഷ്യൻ നയതന്ത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളും അടച്ചുപൂട്ടാനുള്ള യു.എസ് നിർദേശത്തിനെതിരെ പ്രതികരണം കടുപ്പിച്ച് റഷ്യ. രാജ്യത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ തക്ക മറുപടി ഉടനുണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. രണ്ടു ദിവസത്തിനകം ഒാഫിസുകളും താമസ കെട്ടിടങ്ങളും അടച്ചുപൂട്ടി ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ വ്യാഴാഴ്ചയാണ് അമേരിക്ക ആവശ്യപ്പെട്ടത്. പുതിയ നീക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ വഷളാക്കിയിട്ടുണ്ട്.
റഷ്യയോടു കൂടുതൽ അടുക്കുമെന്ന് വാഗ്ദാനവുമായാണ് കഴിഞ്ഞ ജനുവരിയിൽ യു.എസ് പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരമേറ്റത്. എന്നാൽ, ട്രംപിനെ ജയിപ്പിക്കാൻ റഷ്യ ‘ഇറങ്ങിക്കളിച്ചു’വെന്ന ആരോപണവുമായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം രംഗത്തെത്തിയതോടെ അടുപ്പത്തിനു പകരം അകൽച്ചയാണ് ശക്തിപ്പെട്ടത്.
സ്വന്തം ഇഷ്ടക്കാർ പോലും റഷ്യയുമായി ഒത്തുകളിച്ചെന്ന ആരോപണത്തിെൻറ നിഴലിലായതോടെ ശീതയുദ്ധ കാല ശത്രുവിനെതിരെ ട്രംപ് പുതിയ ഉപരോധം പ്രഖ്യാപിച്ചു. മറുപടിയായി റഷ്യയിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയോളം കുറച്ച് 455 ആക്കാൻ പ്രസിഡൻറ് പുടിൻ നിർദേശം നൽകി. ഇതിനു പിന്നാലെയാണ് അമേരിക്കയിലെ റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാനുള്ള നിർദേശം. പ്രതികാരമായി റഷ്യയിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ എണ്ണം വീണ്ടും കുറച്ചേക്കുമെന്ന് ലാവ്റോവ് സൂചിപ്പിച്ചിട്ടുണ്ട്. ഇത്തവണ 150 ഒാളം ഉദ്യോഗസ്ഥരെ വെട്ടിക്കുറച്ചായിരിക്കും പകരം വീട്ടലെന്ന് റിപ്പോർട്ടുണ്ട്. മുൻ പ്രസിഡൻറ് ബറാക് ഒബാമയാണ് നയതന്ത്രപ്രതിനിധികളെ വെട്ടിക്കുറച്ചുള്ള പ്രതികാര നടപടികൾക്ക് തുടക്കമിട്ടത്. അന്ന്, നിരവധി ഉദ്യോഗസ്ഥരെ പുറത്താക്കിയതിനു പുറമെ രണ്ട് വിനോദ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. റഷ്യക്കാർക്ക് കുടിയേറ്റത്തിനല്ലാത്ത വിസകൾ അടുത്തിടെ അമേരിക്ക നിർത്തിവെച്ചിരുന്നു. വിസ അപേക്ഷകൾ മോസ്കോയിലെ എംബസി വഴി മാത്രമാക്കി ചുരുക്കുകയും ചെയ്തു.
വാഷിങ്ടണിലെ എംബസിയും ന്യൂയോർക് ഉൾപെടെ മൂന്നു നഗരങ്ങളിലെ കോൺസുലേറ്റുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സമാനമായി റഷ്യയിലും അമേരിക്കയുടെ മൂന്നു കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നു. ഇവയിലെ ജീവനക്കാരെ വെട്ടിക്കുറക്കൽ റഷ്യക്ക് എളുപ്പമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
