ഉത്തര കൊറിയ സന്ദർശിച്ചവർക്ക് യു.എസിൽ സൗജന്യ വിസയില്ല
text_fieldsവാഷിങ്ടൺ: കഴിഞ്ഞ എട്ടു വർഷത്തിനിടെ ഉത്തര കൊറിയ സന്ദർശിച്ച വിദേശപൗരൻമാർ വിസ യില്ലാതെ രാജ്യത്തു പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം. ദക്ഷിണ കൊറിയ, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ 38 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസയില്ലാതെ 90 ദിവസം വരെ യു.എസിൽ താമസിക്കാൻ അനുമതിയുള്ളത്. എന്നാൽ, 2011 മുതൽ ഉത്തര കൊറിയ, ലിബിയ, സോമാലിയ, സിറിയ തുടങ്ങിയ എട്ടു രാജ്യങ്ങൾ സന്ദർശിച്ച രാജ്യത്തേക്ക് വിസയില്ലാതെ പ്രവേശിക്കാൻ യോഗ്യരല്ലെന്നാണ് യു.എസിെൻറ പുതിയ നിർദേശം.
ഇതുസംബന്ധിച്ച ഉത്തരവും യു.എസ് കസ്റ്റംസ് അതിർത്തി സുരക്ഷ വകുപ്പിെൻറ വെബ്സൈറ്റിൽ കാണാം. ഇവർക്ക് ടൂറിസ്റ്റ് വിസയിലോ ബിസിനസ് വിസയിലോ യു.എസിൽ പോകാം. അടുത്തിടെ, ടൂറിസ്റ്റുകളായോ മറ്റ് ആവശ്യങ്ങൾക്കോ ഈ രാജ്യങ്ങൾ സന്ദർശിച്ച ആയിരങ്ങളെയാണ് പുതിയ നിയമം ബാധിക്കുക.
അതിർത്തി കടന്നുള്ള ടൂറിസം പ്രോത്സഹിപ്പിക്കുന്നതിെൻറ ഭാഗമായി ജനങ്ങളെ ഉത്തരകൊറിയയിലേക്ക് വിടാനുള്ള ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നിെൻറ സ്വപ്നങ്ങൾക്കു തിരിച്ചടിയാണ് യു.എസിെൻറ പുതിയ തീരുമാനം. വിദ്യാർഥിയായ ഓട്ടോ വാമ്പിയറുടെ മരണത്തിനുശേഷം 2017 മുതൽ ഉത്തര കൊറിയ സന്ദർശിക്കുന്നതിന് യു.എസ് പൗരൻമാർക്ക് വിലക്കുണ്ട്.