യു.എസ്.എസ് തിയഡോർ റൂസ്വെൽറ്റിന്റെ കമാൻഡ് ആയി ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയർ തുടരും
text_fieldsവാഷിങ്ടൺ: വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും അന്ത്യം കുറിച്ച് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയഡോ ർ റൂസ്വെൽറ്റിന്റെ കമാൻഡ് പദവിയിൽ നിന്ന് നീക്കിയ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറെ തിരികെ വിളിക്കും. കമാൻഡ് സ്ഥാനം ബ്രെറ്റ് ക്രോസിയറിന് തിരികെ നൽകാൻ നാവികസേന ശിപാർശ ചെയ്തു.
ഒരാഴ്ച നീണ്ട അന്വേഷണത്തിന് ശേഷമാണ് നാവികസേന തീരുമാനത്തിൽ എത്തിയത്. കമാൻഡ് സ്ഥാനത്ത് നിന്ന് ബ്രെറ്റ് ക്രോസിയറെ നീക്കിയ നടപടിയാണ് സേന പുനപരിശോധിച്ചത്.
കപ്പലിലെ കോവിഡ് ബാധ ചൂണ്ടിക്കാട്ടിയും നാവികരെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും നേരത്തെ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയർ യു.എസ് നേവി അധികൃതർക്ക് കത്തയച്ചിരുന്നു.
കൂടാതെ, വൈറസ് വ്യാപനം അതിവേഗത്തിലാണെന്നും കൃത്യമായി ഇടപെട്ടില്ലെങ്കിൽ നാവികരെല്ലാം മരിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, കത്ത് ചോർന്നു. തുടർന്ന് ക്യാപ്റ്റനെ പുറത്താക്കാൻ നേവി സെക്രട്ടറി ചുമതലയുള്ള തോമസ് മോഡ് ലി നിർദേശിക്കുകയും ചെയ്തു.
ക്യാപ്റ്റനെ ഒഴിവാക്കിയ സംഭവം യു.എസ് നേവിയിലും രാജ്യത്താകെയും വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പിന്നാലെ, ക്യാപ്റ്റനെ പുറത്താക്കാൻ നിർദേശിച്ച നേവി സെക്രട്ടറി സ്ഥാനമൊഴിയുകയും മാപ്പ് ചോദിക്കുകയും ചെയ്തു.
പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ അമേരിക്കയുടെ സൈനിക ശക്തിയായ തിയഡോർ റൂസ്വെൽറ്റിൽ 4800 നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 550 നാവികർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
3673 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. മാർച്ച് 24ന് മൂന്ന് നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 3000 നാവികരെ അമേരിക്കൻ ദ്വീപായ ഗുവാമിലേക്ക് മാറ്റിയിരുന്നു.