അഞ്ചുമിനിറ്റിനുള്ളിൽ കോവിഡ് പരിശോധനാഫലം ലഭിക്കും; നേട്ടവുമായി യു.എസ് ലാബ്
text_fieldsന്യൂയോർക്ക്: അഞ്ചുമിനിറ്റിനുള്ളിൽ കോവിഡ് 19 പരിശോധനാ ഫലം ലഭിക്കുന്ന തരത്തിലുള്ള കിറ്റ് വികസിപ്പിച്ച് അമേരിക്കയിലെ എബോട്ട് ലബോറട്ടറി. എവിടെ വെച്ചും പരിശോധന നടത്താവുന്ന കിറ്റാണ് വികസിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ പേർക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ പരിശോധന കിറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ഏപ്രിൽ ഒന്നിനകം 50,000 പരിശോധനകൾ നടത്താൻ ഉതകുന്ന തരത്തിൽ കിറ്റുകൾ വികസിപ്പിച്ച് വിതരണം ചെയ്യാനാണ് ലബോറട്ടറി തീരുമാനിച്ചിരിക്കുന്നതെന്ന് എബോട്ട് ഡൈഗ്നോസ്റ്റിക്സ് വൈസ് പ്രസിഡൻറ് ജോൺ ഫ്രെൽസ് അറിയിച്ചു.
മോളിക്യുലർ ടെസ്റ്റിലൂടെ കൊറോണ വൈറസിെൻറ ജീൻ ഫ്രാഗ്മെൻറ് തിരയുന്നു, ഇത് ഉയർന്ന തോതിൽ ഉള്ളപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ വൈറസ് ബാധുണ്ടോയെന്ന് കണ്ടെത്താനാകും. വൈറസ് ബാധ സംബന്ധിച്ച് പൂർണ വിവരങ്ങൾ ശേഖരിക്കാൻ 13 മിനിറ്റ് വരെ സമയമെടുക്കുമെന്നും ജോൺ ഫ്രെൽസ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ അസുഖ ബാധിതരുള്ളത് അമേരിക്കയിലാണ്. ദിനംപ്രതി വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 104,205 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,701 ആളുകൾ മരണപ്പെട്ടു.