അതിർത്തി മതിൽ തർക്കം; യു.എസിൽ ഭാഗിക ഭരണസ്തംഭനം
text_fieldsവാഷിങ്ടൺ: മെക്സിക്കൻ മതിൽ ബിൽ പാസാക്കാതെ യു.സ് സെനറ്റ് പിരിഞ്ഞതോടെ രാജ്യത്ത് ഭരണസ്തംഭനം. രാജ്യത്തെ ദൈനം ദിന ആഭ്യന്തര ചെലവുകൾക്കുള്ള ബില്ലും കോൺഗ്രസ് പാസാക്കിയില്ല. യു.എസ് കോൺഗ്രസിലെ പാർട്ടി നേതാക്കളും വൈറ്റ് ഹൗസ് അധികൃതരും തമ്മിൽ ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ സാധിക്കാതായതോടെ പ്രദേശിക സമയം പുലർച്ചെ 12.01ന് പ്രധാന ഏജൻസികളുടെ പ്രവർത്തനം നിലച്ചു.
യു.എസ് -മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ അഞ്ച് ബില്യൺ ഡോളർ വേണമെന്ന് ട്രംപ് നിർബന്ധം പിടിക്കുകയും പ്രതിപക്ഷം അതിനെ ശക്തമായി എതിർക്കുകയും ചെയ്തു. ഇരുകൂട്ടരും ഒത്തുതീർപ്പിലെത്താതെ സെനറ്റ് പിരിഞ്ഞു. ഇതോടെ നിരവധി പ്രധാന ഏജൻസികളുടെ ആഭ്യന്തര പ്രവർത്തനങ്ങൾ ഫണ്ട് അനുവദിക്കാൻ സാധിക്കാതെ ശനിയാഴ്ച പുലർച്ചെ 12 മണിയോെട അവയുടെ പ്രവർത്തനം നിലക്കുകയായിരുന്നു. എന്നാൽ ഇത് എത്ര സമയം നീണ്ടു നിൽക്കുമെന്ന് വ്യക്തമല്ല. കൂടുതൽ സമയമെടുക്കില്ലെന്നാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി അറിയിച്ചത്. എന്നാൽ എത്ര സമയം നീണ്ടാലും വേണ്ട തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജനപ്രതിനിധി സഭ വെള്ളിയാഴ്ച രാത്രി ഏഴിന് പിരിഞ്ഞു. ഭരണസ്തംഭനം ഒഴിവാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെയാണ് സഭ പിരിഞ്ഞത്. ഒരു മണിക്കൂറിനു ശേഷം സെനറ്റും പിരിഞ്ഞു. ഫെഡറൽ സ്പെൻഡിങ് ബിൽ പാസാക്കാത്തതിനാൽ 800,000ഒാളം ഫെഡറൽ ജീവനക്കാർ ക്രിസ്മസ് അവധിക്കാലത്ത് ശമ്പളമില്ലാതെ ജോലി െചയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. പുതുവർഷം വരെ ഭരണസ്തംഭനം നീണ്ടു നിന്നേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ നേരത്തെ ബിൽ പാസാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾ ഭൂരിപക്ഷം നേടിയതാണ് ട്രംപിന് തിരിച്ചടിയായത്. ആയിരം കോടി ഡോളർ നിർമാണ ചെലവ് വരുന്ന മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് പ്രചാരണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
