Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആയിരങ്ങളെ...

ആയിരങ്ങളെ ഇളക്കിമറിച്ച് ഹിലരിയും ട്രംപും

text_fields
bookmark_border
ആയിരങ്ങളെ ഇളക്കിമറിച്ച് ഹിലരിയും ട്രംപും
cancel

വാഷിങ്ടണ്‍: സിരകള്‍ തുളച്ചുകയറുന്ന കൊടുംശൈത്യം അവഗണിച്ച് പ്രചാരണത്തിന്‍െറ അവസാന നിമിഷങ്ങളില്‍ അമേരിക്കയെ ഇളക്കിമറിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും. 575 രാപ്പകലുകള്‍ പിന്നിട്ട പ്രചാരണത്തിന് വിരാമമിട്ട് ജനവിധി കാത്തിരിക്കുകയാണ് ഇരു സ്ഥാനാര്‍ഥികളും.

മിഷിഗന്‍, പെന്‍സല്‍വേനിയ, നോര്‍ത് കരോലൈന എന്നിവയായിരുന്നു അവസാനവട്ട വേദികള്‍. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങള്‍ക്കായിരുന്നു പ്രചാരണകാലഘട്ടം സാക്ഷ്യംവഹിച്ചത്. 

ലൈംഗികാപവാദങ്ങളും വംശവെറി പ്രയോഗങ്ങളും വാചകക്കസര്‍ത്തുകളും ട്രംപിന് തിരിച്ചടിയായപ്പോള്‍ ഇ-മെയില്‍ വിവാദവും വിക്കിലീക്സ് വെളിപ്പെടുത്തലുമാണ് ഹിലരിയെ കുടുക്കിയത്. എഫ്.ബി.ഐയെ ചാക്കിട്ടു പിടിച്ച് ഇ-മെയില്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്നും ഒരുവേള ട്രംപ് സമ്മര്‍ദം ചെലുത്തി.

കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതോടെ ഹിലരിയുടെ ജനപ്രീതിയും ഇടിഞ്ഞു. അഭിപ്രായ സര്‍വേകളില്‍ ഏറെ പിന്നിലായിരുന്ന ട്രംപ് മുന്നിലത്തെിയത് ഡെമോക്രാറ്റുകളുടെ നെഞ്ചിടിപ്പ് കൂട്ടി.

വൈകാതെ ഹിലരിക്ക് ക്ളീന്‍ചിറ്റ് നല്‍കി എഫ്.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത് ഹിലരിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഭയരഹിതവും പ്രത്യാശപൂര്‍ണവുമായ ലോകത്തിനായി വോട്ട് ചെയ്യുകയെന്ന് ഹിലരി അഭിവാദ്യം ചെയ്തപ്പോള്‍  അഴിമതി നിറഞ്ഞ ഭരണസംവിധാനം ഉടച്ചുവാര്‍ക്കാന്‍ അവസരം തരുകയെന്ന് ട്രംപ് ആഹ്വാനം ചെയ്തു.

അമേരിക്കയുടെ സ്വാതന്ത്ര്യദിനമാണിന്ന്. അമേരിക്കയിലെ തൊഴിലാളിവര്‍ഗങ്ങള്‍ പോരാട്ടത്തിനൊരുങ്ങി -മിഷിഗനില്‍ തെരഞ്ഞെടുപ്പു റാലിയില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. അമേരിക്കയെ കൂടുതല്‍ സമ്പന്നമാക്കും. കൂടുതല്‍ കരുത്തുള്ളതാക്കും. സുരക്ഷിതമാക്കും -ട്രംപ് ആവര്‍ത്തിച്ചു.

എല്ലാ അമേരിക്കക്കാരും ഒരു ചാമ്പ്യനെ ആഗ്രഹിക്കുന്നു. ആ ചാമ്പ്യനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിര്‍ത്തിയില്‍ വന്‍ മതിലുകള്‍ പണിതുകൊണ്ടല്ല, ജനഹൃദയങ്ങളില്‍ ഐക്യത്തിന്‍െറ പാലം പണിതുകൊണ്ടാണ് അമേരിക്കയുടെ മഹത്ത്വം ഉയര്‍ത്തുക. ആദ്യ വനിതയെ വൈറ്റ്ഹൗസിന്‍െറ സാരഥിയാക്കി ചരിത്രംകുറിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, പത്നി മിഷേല്‍ ഒബാമ, ഭര്‍ത്താവ് ബില്‍ ക്ളിന്‍റന്‍, മകള്‍ ചെല്‍സി എന്നിവരും ഹിലരിക്കൊപ്പമുണ്ടായിരുന്നു. ലോകം ആദരിക്കുന്ന ഹിലരി ക്ളിന്‍റനെ അമേരിക്കയുടെ ആദ്യ വനിതാപ്രസിഡന്‍റായി തെരഞ്ഞെടുക്കണമെന്ന് പ്രസിഡന്‍റ് ഒബാമ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നമ്മുടെ പെണ്‍മക്കളെ ബഹുമാനിക്കുന്ന, അമേരിക്കയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളെ തെരഞ്ഞെടുക്കണമെന്ന് പ്രഥമ വനിത ജനങ്ങളോട് അഭ്യര്‍ഥിച്ചു. സെലിബ്രിറ്റികളായ ജോണ്‍ ബോണ്‍ ജോവി, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ എന്നിവരുടെ സംഗീതപരിപാടിയും ഹിലരിയുടെ പ്രചാരണത്തിന് തിളക്കംകൂട്ടി.

സംഗീതത്തിനൊത്ത് ഒബാമയുള്‍പ്പെടെയുള്ള നേതാക്കള്‍ ചുവടുവെച്ചപ്പോള്‍ ജനം ആവേശത്തോടെ കരഘോഷം മുഴക്കി.  ‘‘20 വര്‍ഷമായി ഹിലരി ക്ളിന്‍റനെ അറിയാം. സര്‍വിസ് കാലത്തുടനീളം അവര്‍ ഒട്ടേറെ തിരിച്ചടികള്‍ നേരിട്ടു. ആ അനുഭവസമ്പത്തുമായാണ് അവര്‍ ഗോദയിലിറങ്ങിയത്. ഭാവിതലമുറക്ക് നേതാക്കളാവാന്‍ പ്രചോദനം നല്‍കുന്ന ഒരാളെയാണ് ഞാന്‍ തെരഞ്ഞെടുക്കുക’’ - ജോവി പറഞ്ഞു. കൂടുതല്‍ സര്‍വേകളിലും ഹിലരിക്കാണ് ആധിപത്യം. വാഷിങ്ടണ്‍ പോസ്റ്റ്-എ.ബി.സി സര്‍വേയില്‍ ഹിലരി (47-45) നാലു പോയന്‍റുകള്‍ക്കും സി.ബി.എസ് സര്‍വേയില്‍ (45-41) നാലു പോയന്‍റുകള്‍ക്കും മുന്നിലാണ്. 2100 കോടി ഡോളറാണ് തെരഞ്ഞെടുപ്പിന്‍െറ ഏകദേശ ചെലവായി കണക്കാക്കുന്നത്.

യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ 2015ല്‍ ഇന്ത്യ സന്ദര്‍ശനത്തിനത്തെിയപ്പോള്‍, പാര്‍ലമെന്‍റിലെ ഗോള്‍ഡന്‍ ബുക്കില്‍ എഴുതിയതിങ്ങനെ: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ രാജ്യത്തിന്‍െറ ആശംസകള്‍. എന്നാല്‍, അന്നേ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ സി.പി.എം നേതാവ് സീതാറാം യെച്ചൂരി ഒബാമ എഴുതിയത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ‘‘എന്താ തെറ്റ്?’’ -ഒബാമ ചോദിച്ചു. ‘‘നിങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം നല്‍കിയത് 1962ല്‍ മാത്രമാണ്. ഞങ്ങളത് 1950ല്‍തന്നെ നല്‍കി’’ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.അതെ, ലോകത്തെ ഏറ്റവും പഴയ ജനാധിപത്യം എന്ന വിശേഷണം അവകാശപ്പെടുമ്പോഴും, ആ ജനാധിപത്യത്തിന്‍െറ ഇന്നത്തെ വളര്‍ച്ചയത്തെിയത് ഏറെ കാലമെടുത്താണ്.

Show Full Article
TAGS:us election 
News Summary - us election
Next Story