You are here
ഭരണം അട്ടിമറിക്കാൻ യു.എസ് ഗൂഢാലോചന –മദൂറോ
യു.എസ് വൈസ് പ്രസിഡൻറ് രംഗത്തുവന്നതിനു പിന്നാലെയാണ് പ്രസ്താവന
കരാക്കസ്: യു.എസുമായുള്ള നയതന്ത്ര ബന്ധം പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോ. പ്രക്ഷോഭകരെ പിന്തുണച്ചതിലൂടെ യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ് വെനിസ്വേലൻ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മദൂറോ ആരോപിച്ചു.
വിമത ശബ്ദം ഉയർത്തുന്നവരെ നിശ്ശബ്ദമാക്കുന്ന മദൂറോ ഏകാധിപതിയാണെന്നും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തിയാൽ ഒരിക്കലും വിജയിക്കില്ലെന്നുമാണ് പ്രതിപക്ഷത്തെയും പ്രക്ഷോഭകരെയും പിന്തുണച്ച് പെൻസ് പറഞ്ഞത്. സർക്കാറിനെ അട്ടിമറിക്കണമെന്ന് മറ്റൊരു രാജ്യത്തെ ഉന്നതൻ ആഹ്വാനം നൽകുന്നത് ഇതാദ്യമായാണെന്നായിരുന്നു പെൻസിന് മദൂറോയുടെ മറുപടി. തുടർച്ചയായ രണ്ടാംതവണയും മദൂറോ പ്രസിഡൻറായതോടെ രാജ്യത്ത് വൻ പ്രക്ഷോഭമാണ് നടക്കുന്നത്.
മദൂറോയെ പ്രസിഡൻറായി അംഗീകരിക്കില്ലെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 1958ലെ പട്ടാള ഭരണകൂടത്തിെൻറ പതനത്തിെൻറ ഓര്‍മക്കായി ബുധനാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. സ്വേച്ഛാധിപതി മാര്‍കോസ് പെരസുമായാണ് മദുറോയെ സര്‍ക്കാര്‍ വിമര്‍ശകര്‍ താരതമ്യം ചെയ്യുന്നത്. മദൂറോക്കെതിരെ രംഗത്തു വന്ന സൈനികരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൈനിക കേന്ദ്രത്തില്‍നിന്ന് ആയുധം കൊള്ളയടിച്ചുവെന്നും ഓഫിസര്‍മാരെ തട്ടിക്കൊണ്ടുപോയി എന്നുമാരോപിച്ചായിരുന്നു അറസ്റ്റ്.
കഴിഞ്ഞയാഴ്ച പാർലമെൻറ് യോഗത്തിനിടെ കൈയേറ്റത്തിലൂടെയാണ് മദൂറോ അധികാരം നേടിയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് ജുവാൻ ഗെയ്ദോ ആരോപിച്ചിരുന്നു. വെനിസ്വേലൻ ജനതയും സൈന്യവും പിന്തുണക്കുകയാണെങ്കിൽ പ്രസിഡൻറാവാനും സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്താനും ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇൗ ആവശ്യം വെനിസ്വേലൻ സുപ്രീംകോടതി നിരാകരിക്കുകയായിരുന്നു.
വിഡിയോ സന്ദേശത്തിൽ ഗെയ്ദോക്ക് പിന്തുണയും നൽകുന്നുണ്ട് പെൻസ്. പ്രതിപക്ഷ നേതാവിന് പിന്തുണ നൽകുന്നതിലൂടെ രാജ്യത്ത് അസ്ഥിരതയും അക്രമവും പ്രോത്സാഹിപ്പിക്കുകയാണ് പെൻസ് എന്ന് വെനിസ്വേലൻ സർക്കാർ കുറ്റപ്പെടുത്തി.