ബിസിനസ് മേഖലയിൽ ഏറ്റവും സ്വാധീനിച്ച യുവാക്കളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ വംശജർ
text_fieldsന്യൂയോർക്ക്: ബിസിനസ് രംഗത്ത് ഏറ്റവും സ്വാധീനിച്ച 40 വയസിന് താഴെയുള്ളവരുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ വംശജർ. അമേരിക്കൻ മാസികയായ ഫോർച്യൂൺ തയാറാക്കിയ വാർഷിക പട്ടികയിലാണ് രണ്ട് ഇന്ത്യൻ വംശജർ ഇടംപിടിച്ചത്.
ഇന്‍റൽ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സോഫ്റ്റ്് വെയർ വൈസ് പ്രസിഡന്‍റ് അർജുൻ ബൻസാൽ, ഫാഷൻ മേഖലയിലെ സ്ഥാപനമായ സിലിങ്ങോയുടെ സി.ഇ.ഒയും സഹസ്ഥാപകയുമായ അങ്കിതി ബോസ് എന്നിവരാണ് ലോകത്തെ സ്വാധീനിച്ച ബിസിനസ് രംഗത്തെ യുവാക്കളിൽ ഉൾപ്പെട്ടത്.
35കാരനായ അർജുൻ ബൻസാലിന് കീഴിൽ യു.എസ്, ഇസ്രയേൽ, പോളണ്ട് എന്നീ രാജ്യങ്ങളിലായി ഇന്‍റലിന്‍റെ എ.ഐ സോഫ്ട് വെയറുകൾ വികസിപ്പിക്കാൻ 100ഓളം പേർ ജോലി ചെയ്യുന്നുണ്ട്. 27കാരിയായ അങ്കിതി ബോസിന്‍റെ സംരംഭമായ സിലിങ്ങോ സിംഗപ്പൂർ കേന്ദ്രീകരിച്ചാണ് നാല് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ചത്.
ആമസോണിന്‍റെ വോയിസ് യൂസർ ഇന്‍റർഫേസ് ഡിസൈനർ 31കാരനായ അലിസൺ അറ്റ് വെൽ, 37കാരനായ യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥി പീറ്റ് ബട്ടീഗെയ്ഗ് എന്നിവരും സ്വാധീനിച്ചവരുടെ പട്ടികയിൽ ഉൾപ്പെടും.