യു.എസിൽ പിതാവ് ഇരട്ട കുട്ടികളെ കാറില്‍ മറന്നു; ചൂടേറ്റ് ഒരു കുട്ടി മരിച്ചു
text_fieldsന്യൂയോർക്: യു.എസിൽ മണിക്കൂറുകളോളം പിതാവ് അടച്ചിട്ടുപോയ കാറിൽ കുടുങ്ങിയ ഇരട്ടക്കുട്ടികളിലൊരാൾ മരിച്ചു. 11 മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പെൺകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സണ്ണി കിങ് ഹോണ്ട ഡീലര്‍ ഷോപ്പിന് മുമ്പിലായിരുന്നു സംഭവം.
ഡീലര്‍ ഷോപ്പിലെതന്നെ ജീവനക്കാരനായിരുന്നു കുട്ടികളുടെ പിതാവ്. ഇരട്ടക്കുട്ടികളുമായാണ് ഇയാള്‍ ജോലിക്കെത്തിയത്. കുട്ടികളെ കാറില്‍നിന്നു എടുക്കാൻ മറക്കുകയായിരുന്നു. കുട്ടികൾ എവിടെയെന്നറിയാൻ ഭാര്യ ഫോൺ ചെയ്തപ്പോഴാണ് സംഭവത്തെ കുറിച്ച് ഓർക്കുന്നതുതന്നെ. ഉടനെ പുറത്തേക്ക് ഓടി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തി. ഇതിനിടയില്‍ രണ്ട് കുട്ടികളും ചൂടേറ്റ് തളര്‍ന്നിരുന്നു.
ആരോ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരട്ടകളില്‍ ആണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. കാറിനകത്തെ താപനില 90 ഡിഗ്രിയായിരുന്നു. അപകടമരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വര്‍ഷം കാറില്‍ ചൂടേറ്റ് മരിക്കുന്ന 43ാമത്തെ കുട്ടിയാണിത്.