ട്രംപിന്‍െറ യാത്രവിലക്കിനെതിരെ ഹവായ് കോടതിയിലേക്ക്
text_fieldsവാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ പരിഷ്കരിച്ച യാത്രവിലക്കിനെതിരെ ഹവായ് സംസ്ഥാനം കോടതിയെ സമീപിച്ചു. ആറു മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍െറ പരിഷ്കരിച്ച ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ യു.എസ് സംസ്ഥാനമാണ് ഹവായ്. സംസ്ഥാനത്തെ മുസ്ലിം ജനതയെയും വിനോദസഞ്ചാരമേഖലയെയും വിദേശ വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിക്കുന്നതാണ് വിലക്കെന്ന് ചൂണ്ടിക്കാട്ടിയാണ് ഹവായ് കേസ് നല്‍കിയത്. ഹോണോലുലുവിലെ ഫെഡറല്‍ കോടതിയിലാണ് ട്രംപ് സര്‍ക്കാറിനെതിരെ ഹവായ് അറ്റോണി ജനറല്‍ ദോഗ് ചിന്‍ കേസ് ഫയല്‍ ചെയ്തത്. പുതിയ ഉത്തരവ് ആദ്യത്തേതില്‍നിന്ന് അടിസ്ഥാനപരമായി ഒരു മാറ്റവുമില്ളെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്‍െറ യാത്രവിലക്ക് മതസ്വാതന്ത്ര്യത്തിനെതിരും തങ്ങളുടെ സമ്പദ്വ്യവസ്ഥക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നതുമാണെന്നും ഹവായ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ആറു രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അവരുടെ കുടുംബവുമായി ഒന്നിക്കാനുള്ള അവസരം ഇല്ലാതാക്കുന്നതാണ് വിലക്കെന്നും ഹരജിയില്‍ ആരോപിച്ചു. കേസിനെ കുറിച്ച് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതികരിച്ചിട്ടില്ല.
ട്രംപിന്‍െറ ആദ്യ ഉത്തരവിനെതിരെയും ഹവായ് ഹരജി നല്‍കിയിരുന്നു. എന്നാല്‍ മറ്റുകേസുകള്‍ സ്വീകരിക്കുന്നതിനെ തുടര്‍ന്ന് ഹരജി മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സിറിയ, ഇറാന്‍, സോമാലിയ, ലിബിയ, സുഡാന്‍, യമന്‍ എന്നീ ആറു രാജ്യങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് വീണ്ടും ഉത്തരവിറക്കിയത്.
അഭയാര്‍ഥികളെ ഏറ്റെടുക്കുന്നത് നാലുമാസത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. അതേസമയം, ഈ ആറുരാജ്യങ്ങളില്‍നിന്നുള്ള നിലവില്‍ വിസയുള്ളവര്‍ക്കും യു.എസിലെ സ്ഥിരതാമസക്കാര്‍ക്കും വിലക്ക് ബാധകമല്ല. ഇറാഖ് ഉള്‍പ്പെടെ ഏഴു മുസ്ലിംരാജ്യങ്ങളെ യു.എസിലേക്ക് വിലക്കിക്കൊണ്ട് ജനുവരി 27ന് പ്രഖ്യാപിച്ച ഉത്തരവ് ഫെഡറല്‍ കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവുമായി ട്രംപ് വീണ്ടും രംഗത്തുവന്നത്. പരിഷ്കരിച്ച ഉത്തരവ് മാര്‍ച്ച് 16ന് പ്രാബല്യത്തില്‍ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
