Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ വിജയം:...

ട്രംപി​െൻറ വിജയം: പുതിയ ലോകക്രമത്തിന് വഴിയൊരുക്കുമോ?

text_fields
bookmark_border
ട്രംപി​െൻറ വിജയം: പുതിയ ലോകക്രമത്തിന് വഴിയൊരുക്കുമോ?
cancel

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്‍െറ അമ്പരപ്പിക്കുന്ന ജയം ആഗോളരാഷ്ട്രീയത്തില്‍ അമേരിക്ക ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഇതോടൊപ്പം, ദശാബ്ദങ്ങളായി തുടരുന്ന ലോകക്രമത്തില്‍തന്നെ ട്രംപ് ഇംപാക്ട് ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നും നിരീക്ഷിക്കപ്പെടുന്നു. അമേരിക്കയുടെ ആഗോള ഇടപെടലുകളില്‍ അടിമുടി മാറ്റം ഉറപ്പുനല്‍കുന്ന ഒരു പ്രസിഡന്‍റിനെ രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമായാണ് അമേരിക്കന്‍ ജനത തെരഞ്ഞെടുക്കുന്നത്. സ്വന്തം കാര്യങ്ങളില്‍ കൂടുതല്‍ ഊന്നുകയും ലോകത്തെ അതിന്‍െറ പാട്ടിനുവിടുകയും ചെയ്യുന്ന ഒരു അമേരിക്കയുടെ ഉദയമാണ് ട്രംപിന്‍െറ വരവോടെ സാക്ഷാത്കരിക്കുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോരാനുള്ള ബ്രിട്ടന്‍െറ തീരുമാനമാണ് ആഗോളരാഷ്ട്രീയത്തെ സമീപകാലത്ത് അട്ടിമറിച്ചത്. ഈ തീരുമാനത്തിലേക്ക് ബ്രിട്ടനെ നയിച്ച ജനപ്രിയവും ദേശീയവാദപരവുമായ രാഷ്ട്രീയ ഘടകങ്ങള്‍ യൂറോപ്പിന്‍െറ അതിര്‍ത്തിവിട്ട് ലോകത്തേക്ക് വ്യാപിക്കുകയാണെന്ന് ട്രംപിന്‍െറ ജയം കാണിക്കുന്നു. യൂറോപ്പും ഏഷ്യയും പശ്ചിമേഷ്യയുമെല്ലാം പരമ്പരാഗത ബന്ധങ്ങള്‍ പുതുക്കിപ്പണിതു കൊണ്ടിരിക്കുകയാണ്. ഈ രാജ്യങ്ങളുടെ സഖ്യകക്ഷികളും വ്യാപാരപങ്കാളികളുമെല്ലാം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ മാറ്റത്തെ ട്രംപിന്‍െറ വരവ് എങ്ങനെ സ്വാധീനിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുമ്പെങ്ങുമില്ലാത്ത ആകാംക്ഷയോടെയാണ് ലോകം വീക്ഷിച്ചത്. തെല്‍ അവീവിലെ യുവാക്കളും ഹോങ്കോങ്ങിലെ കമ്പ്യൂട്ടര്‍ ടെക്നീഷ്യന്മാരും ചൊവ്വാഴ്ച രാത്രി മുതല്‍ സ്വന്തം ലാപ്ടോപ്പുകള്‍ക്കു മുന്നിലായിരുന്നു. എന്തിനേറെ, നൈജീരിയയിലെ വിദൂരസ്ഥമായ എണ്ണ പൈപ്പ്ലൈന്‍ കേന്ദ്രമായ ഡെല്‍റ്റ ക്രീക്കിലുള്ള തീവ്രവാദികള്‍പോലും ട്രംപിന്‍െറ വരവിനെ ആശങ്കയോടെയാണ് കാണുന്നത്. മെക്സികന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയും മുസ്ലിം കുടിയേറ്റക്കാരെ തടയും തുടങ്ങിയ ട്രംപിന്‍െറ വിവാദ വാഗ്ദാനങ്ങളാണ് ഈ ആശങ്കകളുടെ ഹേതു.

റഷ്യയൊഴിച്ചുള്ള രാജ്യങ്ങള്‍ക്ക് പ്രിയങ്കരിയായിരുന്നു ഹിലരി ക്ളിന്‍റന്‍. അമേരിക്കയുടെ വിദേശനയവുമായി ബന്ധപ്പെട്ട ശരിയായ വ്യക്തി ട്രംപിനേക്കാള്‍ ഹിലരിയാണെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് 15 രാജ്യങ്ങളില്‍ പ്യൂ റിസര്‍ച് സെന്‍റര്‍ നടത്തിയ സര്‍വേയില്‍ കണ്ടത്തെിയിരുന്നു. സുഹൃത്തുക്കള്‍ക്കും സഖ്യകക്ഷികള്‍ക്കും വിശ്വസിക്കാവുന്ന രാജ്യമായി അമേരിക്ക തുടരുമോയെന്ന ചോദ്യമാണ് ട്രംപ് ഉയര്‍ത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇല്ളെന്നാണ് ഉത്തരമെങ്കില്‍ യൂറോപ്യന്‍, പശ്ചിമേഷ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തങ്ങളുടെ അമേരിക്കന്‍ സഖ്യം പുനര്‍നിര്‍വചിക്കേണ്ടിവരും.

വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക സന്നാഹങ്ങളെയാണ് ഇത് അതിവേഗം സ്വാധീനിക്കുക. ഏഴു ദശാബ്ദത്തിലേറെയായി ജര്‍മനിയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. ലോക യുദ്ധാനന്തരം അമേരിക്കന്‍ ആണവായുദ്ധങ്ങളും സൈനിക സന്നാഹവും പാശ്ചാത്യലോകത്തെയും പിന്നീട് മധ്യ യൂറോപ്പിനെയും അണിയിച്ച കവചം എടുത്തുമാറ്റപ്പെടുകയും യൂറോപ്പിന്‍െറ സുരക്ഷ സ്വന്തം ചുമലിലേക്ക് മാറ്റപ്പെടുകയുമാണ് എന്നായിരുന്നു ജര്‍മന്‍ ജേണലിസം പ്രഫസര്‍ ഹെന്‍റിക് മുള്ളറുടെ പ്രതികരണം.

ട്രംപിന്‍െറ തെരഞ്ഞെടുപ്പ് അമേരിക്കയും യൂറോപ്പും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കുമെന്ന് വിദേശകാര്യങ്ങള്‍ക്കായുള്ള ജര്‍മന്‍ പാര്‍ലമെന്‍ററി കമ്മിറ്റി ചെയര്‍മാന്‍ നോര്‍ബര്‍ട്ട് റോട്ട്ഗണ്‍ പറയുന്നു. മെക്സികോയാണ് ട്രംപിന്‍െറ വരവ് ഏറ്റവും ആശങ്കയോടെ കാണുന്നത്. കോടിയിലേറെ വരുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്നും യു.എസ്-മെക്സികോ അതിര്‍ത്തിയില്‍ മതില്‍പണിയുമെന്നുമുള്ള ട്രംപിന്‍െറ പ്രഖ്യാപനം അന്തരീക്ഷത്തിലുണ്ട്. കാനഡയും ചൈനയും കഴിഞ്ഞാല്‍ അമേരിക്കയുടെ ഏറ്റവുംവലിയ വ്യാപാര പങ്കാളിയാണ് മെക്സികോ.

നിരവധി അമേരിക്കന്‍ ഉല്‍പന്നങ്ങളാണ് മെക്സികോയിലെ ഫാക്ടറികളില്‍ നിര്‍മിക്കപ്പെടുന്നത്. 50 ലക്ഷം അമേരിക്കന്‍ ജോലികള്‍ മെക്സികോയുമായുള്ള വ്യാപാരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. യു.എസ് തെരഞ്ഞെടുപ്പിനുശേഷം മെക്സികന്‍ പെസോയുടെ മൂല്യത്തില്‍ 13 ശതമാനത്തിന്‍െറ ഇടിവാണുണ്ടായത്. ദശാബ്ദത്തിലെ ഏറ്റവുംവലിയ ഇടിവ്. റഷ്യയും ഇസ്രായേലുമാണ് ട്രംപിന്‍െറ വിജയത്തെ പ്രതീക്ഷയോടെ കാണുന്ന ചുരുക്കം രാജ്യങ്ങളില്‍ ചിലത്.

ശീതയുദ്ധത്തിനുശേഷം റഷ്യ ഇത്ര ആവേശപൂര്‍വം വീക്ഷിച്ച മറ്റൊരു യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. ഏഷ്യയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന ട്രംപിന്‍െറ ഉറപ്പ് ചൈനയും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ട്. ഇത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥ തകിടംമറിക്കുമെന്ന് ചൈന ആശങ്കപ്പെടുന്നു.

യു.എസ് സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ ജപ്പാനും ദക്ഷിണ കൊറിയയും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഷാങ്ഹായ് ഫുദാന്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഷെന്‍ ദിന്‍ഗ്ളി പറയുന്നു. ഇത് ചൈനക്ക് ഗുണകരമാകില്ല.
‘ഇനി അമേരിക്ക സ്വന്തം കാര്യംനോക്കാന്‍ തുടങ്ങുകയാണ്’ എന്ന ട്രംപിന്‍െറ ഉറപ്പിനുള്ള പിന്തുണയാണ് അമേരിക്കന്‍ ജനതയുടെ വോട്ട്. അത് പക്ഷേ, ലോകത്തിന്‍െറ കാര്യത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എല്ലാവരുടെയും പ്രസിഡന്‍റാവും –ട്രംപ്
ന്യൂയോര്‍ക്: കുടിയേറ്റ വിരുദ്ധന്‍, വംശീയവാദി, സ്ത്രീ വിരുദ്ധന്‍... ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ ന്യൂയോര്‍ക് ടൈംസ്, സി.എന്‍.എന്‍ ഹഫിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങളെല്ലാം വിശേഷിപ്പിച്ചത്. പ്രസിഡന്‍റ് പദം ഉറപ്പിച്ചതിന് പിന്നാലെ ട്രംപ് നടത്തിയ പ്രസംഗം ഈ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുള്ളതായിരുന്നു. ഭാര്യ മെലനിയ ട്രംപ്, മക്കളായ ഇവാന്‍ക, എറിക്, ടിഫാനി എന്നിവരോടൊപ്പമാണ് തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്യാനത്തെിയത്.

പ്രസംഗത്തിന്‍െറ സംക്ഷിപ്തം:

‘ഡെമോക്രാറ്റിക് പാര്‍ട്ടി ഹിലരി ക്ളിന്‍റന്‍ എന്നെ ഈ വേദിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വിളിച്ചിരുന്നു. അവര്‍ എന്നെ അഭിനന്ദിച്ചു. അവര്‍ നിങ്ങളെയാണ് അഭിനന്ദിച്ചത്. ഞാന്‍ അവരെയും അഭിനന്ദിച്ചു. നല്ല പോരാട്ടമാണ് അവര്‍ കാഴ്ചവെച്ചത്. ഇനി നമുക്ക് യു.എസ്.എക്കുവേണ്ടി ഒരുമിക്കാം. ഏവരുടെയും പ്രസിഡന്‍റായിരിക്കും ഞാനെന്ന് ഉറപ്പുനല്‍കുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നാം നടത്തിയത് പ്രചാരണമായിരുന്നില്ല. അതൊരു പ്രസ്ഥാനമായിരുന്നു. അമേരിക്കക്കകത്തുള്ള വിഭജനം മായ്ച്ച് നമുക്കിനി ഒന്നാകാം.

ഇത്രനാള്‍ വിസ്മൃതിയിലായിരുന്നവര്‍ ഇനിയൊരിക്കലും അങ്ങനെയായിരിക്കില്ല. പശ്ചാത്തല സൗകര്യ വികസനത്തിന് നിക്ഷേപങ്ങള്‍ ഇറക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. പ്രായമായവരെ നാം സംരക്ഷിക്കും. അമേരിക്കയുടെ സ്വപ്നം നാം പുതുക്കിയെടുക്കും. ഓരോ അമേരിക്കക്കാരനും അവന്‍െറ കഴിവിന്‍െറ പരമാവധി പുറത്തെടുക്കാന്‍ അവസരം ഉറപ്പുവരുത്തും.
നമ്മോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രങ്ങളുമായും നാം യോജിച്ച് പ്രവര്‍ത്തിക്കും. അമേരിക്കന്‍ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി നാം എല്ലാവരുമായും ഇടപഴകും. ശത്രുതയല്ല, പങ്കാളിത്തമാണ് വേണ്ടത്. സഹകരണമാണ്, സംഘര്‍ഷമല്ല വേണ്ടത്.’

Show Full Article
TAGS:trump 
News Summary - trump
Next Story