‘പ്രസിഡൻറാകാനല്ല; പ്രശസ്തിക്കാണ് ട്രംപ് മൽസരിച്ചത്’ ട്രംപിനെ കുരുക്കിലാക്കി വെളിപ്പെടുത്തൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കുരുക്കിലാക്കി പുതിയ വെളിപ്പെടുത്തലുകൾ. പദവി മോഹിച്ചല്ല, പ്രശസ്തിക്കുമാത്രമാണ് യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിച്ചതെന്നും മകൾ ഇവാൻക പ്രസിഡൻറാകാനുള്ള തയാറെടുപ്പിലാണെന്നതുമുൾപ്പെടെ വിവരങ്ങളുമായി മാധ്യമപ്രവർത്തകൻ മൈക്കൽ വുൾഫ് എഴുതിയ ‘ഫയർ ആൻഡ് ഫ്യൂറി: ഇൻസൈഡ് ദി ട്രംപ് വൈറ്റ്ഹൗസ്’ എന്ന പുസ്തകമാണ് യു.എസിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിച്ച് മുൻ വിശ്വസ്തനും ഉപദേശകനുമായിരുന്ന സ്റ്റീവ് ബാനണെതിരെ ട്രംപ് രംഗത്തെത്തി. തെരഞ്ഞെടുപ്പുപ്രചാരണഘട്ടത്തിലെയും തുടർന്ന് പ്രസിഡൻറായ ഒരു വർഷത്തെയും ട്രംപിെൻറ ഭാവപ്പകർച്ചകളുടെ അപൂർവ വിവരങ്ങളടങ്ങിയതാണ് പുസ്തകം. ജനുവരി ഒമ്പതിന് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ വിവരങ്ങൾ ബ്രിട്ടീഷ് പത്രം ഗാർഡിയനാണ് ആദ്യമായി പുറത്തുവിട്ടത്.
അതീവ രഹസ്യവിവരങ്ങൾ ഗ്രന്ഥകാരനുമായി പങ്കുവെച്ച ബാനണെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡൻറിെൻറ അഭിഭാഷകർ മുന്നറിയിപ്പ് നൽകി. യു.എസിൽ ട്രംപ് പ്രതിനിധാനം ചെയ്യുന്ന തീവ്ര വലതുപക്ഷത്തിെൻറ പ്രധാന വക്താവുകൂടിയായ ബാനണെതിരെ വൈറ്റ്ഹൗസ് ഒൗദ്യോഗികമായി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിന് വിജയമൊരുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായ ബാനൺ അടുത്തിടെയാണ് ഉപദേശകപദവിയിൽനിന്ന് പുറത്താക്കപ്പെടുന്നത്. അതിനു ശേഷവും ഇരുവരും സൗഹൃദം നിലനിർത്തിയിരുന്നുവെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ ഇരുവരെയും അകറ്റും. പുറത്താക്കിയതോടെ ജോലി മാത്രമല്ല, ബാനണ്‍ സ്വബോധവും നഷ്ടമായെന്ന് പിന്നീട് ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
