ചുഴലിക്കാറ്റ് അമേരിക്കയെ തൊടുംമുമ്പ് അണുബോംബിട്ട് തകർക്കാമോയെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർക്കാൻ സുരക്ഷ ഉദ്യോഗസ്ഥരോട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റ് അമേരിക്കയിലെത്തും മുമ്പ് അവയെ ബോംബിട്ട് തകർക്കാൻ ട്രംപ് ഒന്നിലേറ െ തവണ ആവശ്യപ്പെട്ടതായാണ് വിവരം. അമേരിക്കൻ വാർത്താ വെബ്സൈറ്റായ അക്സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ട്രംപ് ചുഴലിക്കാറ്റിനെ തകർക്കാനുള്ള മാർഗം നിർദേശിച്ചത്. ആഫ്രിക്കൻ തീരങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇവ അറ്റ്ലാന്‍റിക്കിലേക്ക് നീങ്ങുകയാണ്. ഇത് അമേരിക്കയിലെത്തും മുമ്പ് എന്തുകൊണ്ട് അവയെ അണുബോംബിട്ട് തകർത്തുകൂടാ -ട്രംപ് ചോദിച്ചു. എന്നാൽ, എപ്പോഴാണ് ഈ യോഗം നടന്നതെന്ന് വെബ്സൈറ്റ് പറയുന്നില്ല.
ചുഴലിക്കാറ്റിന്‍റെ കേന്ദ്രത്തിൽ ബോംബിട്ട് അവയെ നിർവീര്യമാക്കുക സാധ്യമാണോയെന്നാണ് ട്രംപ് ചോദിച്ചത്. ഇക്കാര്യം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥരിലൊരാൾ മറുപടി നൽകിയതായും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
2017ലും ട്രംപ് ഇക്കാര്യം ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്നത്തെ സുരക്ഷ കൗൺസിൽ മെമ്മോയിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് പതിവായുണ്ടാകുന്ന ചുഴലിക്കാറ്റുകൾ.
അതേസമയം, വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് അധികൃതർ തയാറായിട്ടില്ല. പ്രസിഡന്‍റും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന അനൗദ്യോഗിക ചർച്ചയെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്.