അഫ്ഗാൻ ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യ ഒന്നും ചെയ്തില്ല –ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യ, ഇറാൻ, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ അഫ്ഗാനിസ്താനിലെ തീവ്രവ ാദം തുരത്തുന്ന പോരാട്ടത്തിെൻറ ഭാഗമാവണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. നിലവിൽ 7000 മൈൽ അകലെയുള്ള യു.എസ് മാത്രമാണ് അഫ്ഗാനിൽ ഭീകരർക്കെതിരെ പോരാടുന്നത്. പാകിസ്താനെയും ഇന്ത്യയെും പോലുള്ള തൊട്ടടുത്തുള്ള അയൽരാജ്യങ്ങൾ വളരെ കുറഞ്ഞ അളവിലാണ് ഭീകരവിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായിട്ടുള്ളൂവെന്നും അതു ശരിയല്ലെന്നും ട്രംപ് സൂചിപ്പിച്ചു.
ഒരുകാലത്ത് റഷ്യ, അഫ്ഗാനിസ്താൻ, ഇറാൻ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾ അവരുടെതായ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഐ.എസിെൻറ കേന്ദ്രങ്ങൾ ഭൂമുഖത്തുനിന്ന് നൂറുശതമാനവും നാം തുടച്ചുനീക്കി. റെക്കോഡ് സമയത്തിലാണു ചെയ്തത്. ഈ സമയം മറ്റു രാജ്യങ്ങൾ ദോഷകരമാംവിധം കുറഞ്ഞ തോതിലാണു പോരാടിയത്. ഈ രാജ്യങ്ങളെല്ലാം ഭീകരരെ തുരത്താനുള്ള പോരാട്ടത്തിൽ പങ്കെടുക്കണം. ഇനിയും 19 വർഷം കാത്തിരിക്കേണ്ടെന്നാണു കരുതുന്നതെന്ന് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ട്രംപ് പറഞ്ഞു.
അഫ്ഗാനിൽനിന്നു യു.എസ് സേനയെ പൂർണമായി പിൻവലിക്കില്ലെന്നും താലിബാൻ വീണ്ടും ശക്തിയാർജിക്കുന്നതു തടയാനാണിതെന്നും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിെൻറ പ്രസ്താവന. ഐ.എസിനെ കുറിച്ച് ഇപ്പോൾ കാര്യമായൊന്നും കേൾക്കാനില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. യു.എസ് സൈന്യം പിടികൂടിയ ആയിരക്കണക്കിന് ഐ.എസ് ഭീകരരെ യൂറോപ്പ് തടവുകാരായി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.