വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പരമ്പരാഗതമായി അമേരിക്കൻ പ്രസിഡൻറുമാർ തുടർന്നുവന്നിരുന്ന ചടങ്ങ് കഴിഞ്ഞ വർഷം ട്രംപ് ഒഴിവാക്കിയത് വിമർശനത്തിനിടയാക്കിയിരുന്നു. ഇക്കാരണത്താൽ ട്രംപിെൻറ ഇത്തവണത്തെ ഇഫ്താർ വിരുന്നിലെ വാക്കും പ്രവൃത്തിയുമെല്ലാം മാധ്യമങ്ങൾക്ക് വിരുന്നായി. നിങ്ങൾക്കും ലോകത്താകമാനമുള്ള മുസ്ലിംകൾക്കും എെൻറ ഇൗദ് മുബാറക് എന്ന് പറഞ്ഞാണ് ട്രംപ് ചടങ്ങിൽ സംസാരിച്ചത്.
യു.എസുമായി നിലവിലുള്ള കരാറുകൾ പുതുക്കുകയും സഹകരണത്തിന് സന്നദ്ധമാവുകയും ചെയ്ത പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്ക് നന്ദിയും അറിയിച്ചു. മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെയും നടപടികളുടെയും പേരിൽ ഏറെ പഴിേകട്ട ട്രംപിെൻറ ചടങ്ങ് അമേരിക്കയിലെ പ്രമുഖ മുസ്ലിം സംഘടനകൾ ബഹിഷ്കരിച്ചു. ചില സംഘടനകൾ ഇഫ്താറിനുമുമ്പ് വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു.
സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ, ജോർഡൻ അംബാസഡർ ദിന കവാർ എന്നിവരോടൊപ്പമാണ് ട്രംപ് ഇരുന്നത്. യു.എ.ഇ, ജോർഡൻ, ഇൗജിപ്ത്, തുനീഷ്യ, ഇറാഖ്, സൗദി, ഖത്തർ, ബഹ്റൈൻ, മൊറോകോ, അൽജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചത്.