കോവിഡ് 19: നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് യു.എസിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് നിയന്ത്രണങ്ങൾ ദീർഘിപ്പിക്കുന്ന വിവ രം ട്രംപ് അറിയിച്ചത്. ഇതോടെ സമ്പർക്കവിലക്ക് ഉൾപ്പടെ കോവിഡിനെ പ്രതിരോധിക്കാൻ യു.എസ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈസ്റ്ററിന് ശേഷവും തുടരുമെന്ന് ഉറപ്പായി.
അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി കോവിഡ് ബാധിച്ചുള്ള മരണങ്ങൾ അമേരിക്കയിൽ തുടരുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ജൂണോടെ വൈറസ് ബാധ യു.എസിൽ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ യു.എസിൽ രണ്ട് ലക്ഷത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിക്കുമെന്ന് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് തലവൻ ഡോ.ആൻറണി ഫൗസി ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ ദീർഘിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
നേരത്തെ ഈസ്റ്ററിന് മുമ്പ് യു.എസിൽ കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ചയിലെ കണക്കുകൾ പ്രകാരം 2,436 പേർ അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചു. 139,675 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്.