ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ ട്രംപ്
text_fieldsവാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉപദേഷ്ടാക്കളുമായി ചർച്ച നടത്തിയതായി റിപോർട്ട്. കാനഡയുടെ വടക്കുകിഴക്കായി സ്ഥിതിചെ യ്യുന്ന ദ്വീപാണ് ഗ്രീൻലാൻഡ്. ഡെന്മാർക്കിന് കീഴിൽ സ്വതന്ത്ര പരമാധികാരമുള്ള ഭൂപ്രദേശമാണിത്. ദ വാൾസ്ട്രീറ്റ് ജേ ർണലാണ് ട്രംപിന്‍റെ നീക്കം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്ര ീൻലാൻഡിന്‍റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് മുൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൂടിയായ ഡോണൾഡ് ട്രംപിനെ ആകർഷിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണലിലെ റിപോർട്ടിൽ പറയുന്നു.
അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുന്നത് യു.എസിന് മുതൽക്കൂട്ടാണെന്ന് ട്രംപിന്‍റെ ഉപദേശകരിൽ ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ ഇതൊരു വ്യാമോഹം മാത്രമാണെന്ന അഭിപ്രായക്കാരാണെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപോർട്ട് ചെയ്യുന്നു.
അമേരിക്കയുടെ സൈനിക താവളമായ തുലേ എയർബേസ് നിലവിൽ ഗ്രീൻലാൻഡിൽ സ്ഥിതിചെയ്യുന്നുണ്ട്. 85 ശതമാനം ഭൂപ്രദേശവും മൂന്ന് കിലോമീറ്റർ കട്ടിയിൽ മഞ്ഞ് പുതഞ്ഞുകിടക്കുന്ന ഗ്രീൻലാൻഡിൽ 57,000 മാത്രമാണ് ജനസംഖ്യ.
അതേസമയം, തങ്ങളുടെ രാജ്യത്തിന് കീഴിലെ ഭൂപ്രദേശത്തെ സ്വന്തമാക്കാൻ ട്രംപ് ആഗ്രഹിക്കുന്നതായ വാർത്തയോട് ഡാനിഷ് ജനപ്രതിനിധികൾ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത് ഏപ്രിൽ ഫൂൾ തമാശയാണെന്നും സാഹചര്യത്തിന് അനുയോജ്യമല്ലെന്നും ഡെന്മാർക്ക് മുൻ പ്രധാനമന്ത്രി ലാർസ് ലോക്ക് റസ്മുസ്സെൻ ട്വിറ്ററിൽ പറഞ്ഞു.
മറ്റൊരു രാജ്യത്തിന്‍റെ ഭൂപ്രദേശത്തെ സ്വന്തമാക്കാൻ ട്രംപ് ചിന്തിച്ചുവെന്നത് യാഥാർഥ്യമാണെങ്കിൽ അദ്ദേഹത്തിന്‍റെ തലക്ക് വെളിവില്ലാതാവുകയാണെന്ന് ഡാനിഷ് പീപിൾസ് പാർട്ടി വക്താവ് പറഞ്ഞു. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ, വിദേശകാര്യ മന്ത്രി ജെപ്പെ കോഫോഡ് എന്നിവർ വാർത്തയോട് പ്രതികരിച്ചിട്ടില്ല.