ഇറാൻ ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടു; പിൻവലിച്ചു
text_fieldsവാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യയിൽ ഏതു സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന ഭീ തി പരത്തി, ഇറാൻ-അമേരിക്ക തർക്കത്തിൽ നാടകീയ സംഭവവികാസങ്ങൾ. തങ്ങളുടെ വ്യോമാതിർ ത്തി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി, അമേരിക്കയുടെ ആളില്ലാ ചാരവിമാനം ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.
ഇറാൻ വലിയ തെറ്റു ചെയ്തിരിക്കുന്നു എന്നു പ്രതികരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഇറാനെതിരെ ആക്രമണത്തിന് ഉത്തരവിടുകയും അവസാന നിമിഷം ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഇറാെൻറ നിശ്ചിത ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ യു.എസ് സേന അവസാനവട്ട തയാറെടുപ്പു നടത്തി, യുദ്ധവിമാനങ്ങൾ ആകാശത്ത് എത്തിക്കുകയും പടക്കപ്പലുകൾ ലക്ഷ്യം നിർണയിക്കുകയും ചെയ്ത സമയത്താണ് ആക്രമണാനുമതി പിൻവലിച്ചതെന്ന് ട്രംപ് തന്നെ അറിയിച്ചു. ‘‘ ആക്രമണത്തിന് 10 മിനിറ്റ് മുമ്പ് ഞാൻ ഒാപേറഷൻ റദ്ദാക്കാൻ ഉത്തരവു നൽകി.
150 പേർ മരിക്കുമെന്ന റിപ്പോർട്ട് കിട്ടിയതിനെ തുടർന്നായിരുന്നു ഇത്. ഒരു ആളില്ലാ വിമാനത്തെ വീഴ്ത്തിയതിന് ഇത്തരമൊരു തിരിച്ചടി വേണ്ട എന്നതുകൊണ്ടാണ് ഒാപറേഷൻ റദ്ദാക്കിയത്. എനിക്ക് തിരക്കില്ല’’ -യു.എസ് പ്രസിഡൻറ് വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇറാനെ ആക്രമിക്കാനുള്ള തീരുമാനം അവസാന നിമിഷം ട്രംപ് പിൻവലിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹം തന്നെ സംഭവം സ്ഥിരീകരിച്ച് രംഗത്തുവന്നത്.