വാഷിങ്ടൺ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തേക്കുള്ള കുടിയേറ്റം വിലക്കി അമേരിക്ക. കു ടിയേറ്റത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂട െ അറിയിച്ചു. ഏതെങ്കിലും വിഭാഗത്തിന് ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് യാതൊരു സൂചനയും ട്രംപ് നൽകിയിട്ടില്ല.
"അജ്ഞാതമായ ശത്രുവിന്‍റെ ആക്രമണത്തിൻെറ പശ്ചാത്തലത്തിലും മഹത്തായ അമേരിക്കൻ പൗരന്മാരുടെ തൊഴിൽ ഉറപ്പാക്കേണ്ടതിനാലും രാജ്യത്തേക്കുള്ള കുടിയേറ്റം താൽകാലികമായി വിലക്കിക്കൊണ്ടുള്ള എക്സിക്യുട്ടിവ് ഓർഡറിൽ ഞാൻ ഒപ്പു വെക്കും" -ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 7.36ന് ട്രംപ് ട്വീറ്റ് ചെയ്തു.
വിലക്ക് എത്രകാലം നിലനിൽക്കുമെന്ന കാര്യം വ്യക്തമല്ല. രാജ്യത്ത് 2.2 കോടി ആളുകൾക്ക് തൊഴിലെടുക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തിൽ മെക്സിക്കോ, കാനഡ എന്നീ അതിർത്തി രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിലൂടെ പ്രായപൂർത്തിയാകാത്തവരെയും അഭയാർഥികളെയും രാജ്യത്ത് നിന്ന് നാടുകടത്താനോ അവരെ പിന്തിരിപ്പിക്കാനോ ഭരണകൂടത്തിന് സാധിക്കും. പൗരന്മാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാനും ചരക്ക് ഗതാഗതത്തിനും മാത്രമാണ് അനുവാദമുള്ളത്.