വാഷിങ്ടൺ: രാജ്യത്തേക്കുള്ള കുടിയേറ്റം 60 ദിവസത്തേക്ക് പൂർണമായി വിലക്കാൻ അമേരിക്കൻ ഭരണകൂടത്തിന്‍റെ തീരുമാനം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആണ് കുടിയേറ്റ വിലക്ക് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തെ തുട ർന്ന് അമേരിക്കൻ പൗരന്മാരുടെ ജോലി നഷ്ടമാകുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തുന്നത്.
രാജ്യത്തിന്‍റെ സാമ്പത്തികനില അടിസ്ഥാനമാക്കി വിലക്ക് ദീർഘിപ്പിക്കണോ പിൻവലിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. അമേരിക്കയിൽ സ്ഥിരം താമസം ആഗ്രഹിക്കുന്നവർക്ക് (ഗ്രീൻ കാർഡ്) മാത്രമേ വിലക്ക് ബാധകമാകൂ. താൽകാലിക അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിക്കുന്നവർ വിലക്കിന്‍റെ പരിധിയിൽ വരില്ലെന്നും ട്രംപ് വ്യക്തമാക്കി.
തൊഴിൽ രഹിതരായ അമേരിക്കക്കാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനാണിത്. പിരിച്ചുവിട്ട പൗരന്മാർക്ക് പകരം പുതിയ കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നത് തെറ്റും അനീതിയുമാണ്. നമ്മൾ ആദ്യം പൗരന്മാരായ തൊഴിലാളികളെയാണ് സംരക്ഷിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു.
ലോക് ഡൗണിനെ തുടർന്ന് രാജ്യത്ത് കഴിഞ്ഞയാഴ്ച വരെ 22 ദശലക്ഷം പേരാണ് തൊഴിൽരഹിത ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയത്. കുടിയേറ്റക്കാർക്ക് രാജ്യത്ത് ജീവിക്കാനും തൊഴിൽ ചെയ്യാനും ഉള്ള അനുമതിയാണ് താൽകാലികമായി ട്രംപ് സർക്കാർ വിലക്കുന്നത്. കഴിഞ്ഞ വർഷം 10 ലക്ഷം പേർക്ക് അമേരിക്ക ഗ്രീൻ കാർഡ് നൽകിയിരുന്നു.
ട്രംപിന്‍റെ കുടിയേറ്റ വിലക്കിനെതിരെ ഡെമോക്രാറ്റിക് പാർട്ടി ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട ട്രംപ്, ശ്രദ്ധ തിരിക്കുന്നതിനാണ് കുടിയേറ്റ വിലക്ക് നടപ്പാക്കുന്നതെന്ന് ഇന്ത്യൻ വംശജയായ കമല ഹാരിസ് ആരോപിച്ചിരുന്നു.