സെക്യൂരിറ്റീസ് തട്ടിപ്പ്: ഇന്ത്യന്‍ വംശജനായ സി.ഇ.ഒക്ക് തടവ്
text_fieldsന്യൂയോര്‍ക്ക്: കമ്പനിയുടെ ആസ്തി മൂല്യം കൃത്രിമമായി 100 മില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി തയാറാക്കി യ ഇന്ത്യന്‍ വംശജനായ സി.ഇ.ഒക്ക് യു.എസിൽ തടവ് ശിക്ഷ. പ്രീമിയം പോയിന്‍റ് ഇന്‍വെസ്റ്റ്മെന്‍റിന്‍റെ (പി.പി.ഐ) സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന അനിലേഷ് അഹൂജയെ (51) നാല് വര്‍ഷത്തിലധികം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
2014 മുതല്‍ 2016 വരെ സെക്യൂരിറ്റീസ് തട്ടിപ്പ് നടത്തിയതിന് 50 മാസം തടവിനാണ് അഹൂജയെ ശിക്ഷിച്ചതെന്ന് അമേരിക്കന്‍ അറ്റോര്‍ണി ഓഡ്രി സ്ട്രൗസ് പറഞ്ഞു. അഹൂജയെ കൂടാതെ മറ്റൊരു മുന്‍ ട്രേഡര്‍ ജെറമി ഷോറിനെയും ജൂറി ശിക്ഷിച്ചിട്ടുണ്ട്. ഹെഡ്ജ് ഫണ്ടുകളുടെ മൊത്തം ആസ്തി മൂല്യം 100 മില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി തയാറാക്കിയത്.
അഹുജ തന്‍റെ കമ്പനിയിലെ മറ്റുള്ളവരുമായും അഴിമതിക്കാരായ ബ്രോക്കര്‍മാരുമായും അവരുടെ മാനേജ്മെന്‍റിന്‍റെ കീഴിലെ ആസ്തികളുടെ മൂല്യം വ്യാജമായി വര്‍ദ്ധിപ്പിക്കാന്‍ ഗൂഢാലോചന നടത്തി. ഇത് പി.പി.ഐക്ക് ഉയര്‍ന്ന ഫീസ് ഈടാക്കാനും നിക്ഷേപകരുടെ പണം പിന്‍വലിക്കല്‍ ഒഴിവാക്കാനും സഹായിച്ചു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ജയില്‍ ശിക്ഷക്ക് പുറമേ, മൂന്ന് വര്‍ഷത്തെ മേല്‍നോട്ട മോചനത്തിനും അഹൂജയെ ശിക്ഷിച്ചു. ഈ മാസം ആദ്യം ഷോറിന് 40 മാസം തടവും മൂന്ന് വര്‍ഷത്തെ മേല്‍നോട്ട മോചനവും വിധിച്ചിരുന്നു.