രാസായുധാക്രമണം: സിറിയക്കെതിരായ പ്രമേയം റഷ്യ വീറ്റോ ചെയ്തു
text_fieldsന്യൂയോർക്: വടക്കൻ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ രാസായുധം പ്രയോഗിച്ച ബശ്ശാർ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ അന്വേഷണം വേണമെന്ന യു.എൻ പ്രമേയം റഷ്യ വീറ്റോ ചെയ്തു. ബശ്ശാറിനെതിരെ യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം എട്ടാംതവണയാണ് റഷ്യ വീറ്റോ ചെയ്യുന്നത്.
പ്രമേയത്തെ യു.എസും ബ്രിട്ടനും ഫ്രാന്‍സും പിന്തുണച്ചിരുന്നു. വോെട്ടടുപ്പിൽനിന്ന് ചൈന വിട്ടുനിന്നു. ഇതോടെ യുഎസും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായി. ബശ്ശാർ ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യ രാജ്യാന്തര സമൂഹത്തിനുമുന്നില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണെന്നു യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. റഷ്യക്കൊപ്പം ഇറാനും സിറിയൻ യുദ്ധത്തിന് ഇന്ധനം പകരുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
സിറിയയിൽ സരിൻ വാതകം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബ്രിട്ടനും പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തുനിന്നു ലഭിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഉപയോഗിച്ചത് സരിൻ ആണെന്ന് തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് അംബാസഡർ മാത്യൂ റിക്രോഫ്റ്റ് ചൂണ്ടിക്കാട്ടി. അതേസമയം, ആക്രമണം നടന്ന സ്ഥലം പോലും സന്ദർശിക്കാതെ ഇത്തരമൊരു നിഗമനത്തിലെത്തുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നതായി ഡെപ്യൂട്ടി റഷ്യൻ അംബാസഡർ വ്ലാദിമിർ സഫ്രാൻകോവ് പറഞ്ഞു. സിറിയയിൽ ബശ്ശാർ അൽഅസദിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നതിൽ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും തമ്മിലുള്ള ചർച്ച അലസിപ്പിരിയുകയായിരുന്നു.
ആറു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ സിറിയയിൽ ബശ്ശാർ സർക്കാർ 50ലേറെ തവണ ക്ലോറിൻ പോലുള്ള വാതകങ്ങളുപയോഗിച്ച് രാസായുധാക്രമണം നടത്തിയതായി ടില്ലേഴ്സൻ ആരോപിച്ചിരുന്നു. ഇൗ വിഷയത്തിൽ ബശ്ശാറിനെതിരെ യുദ്ധക്കുറ്റത്തിന് നടപടിയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
എന്നാൽ, ബശ്ശാർസേന രാസായുധാക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ റഷ്യ ആവർത്തിച്ചു നിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
