ട്രംപ് ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡൻറ്
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിൽ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡൻറാണ് ഡോണൾഡ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 1998ൽ ബിൽ ക്ലിൻറനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡൻറ് പദവിയിൽ തുടർന്നു.
തനിക്കെതിരായ ഇംപീച്ച്മെൻറ് നടപടി അട്ടിമറിയുടെ ഭാഗമാണെന്ന് ട്രംപ് പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ല. തനിക്കെതിരായ ആരോപണങ്ങളിൽ തെളിവില്ല. ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നും ട്രംപ് വ്യക്തമാക്കി. ദേശസുരക്ഷക്കും തെരഞ്ഞെടുപ്പ് ഐക്യത്തിനുമെതിരെ ട്രംപ് ഭീഷണി ഉയർത്തിയെന്നും സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. ഭരണഘടനയെ സംരക്ഷിക്കുന്ന നടപടിയാണ് ജനപ്രതിനിധിസഭ ഏറ്റെടുത്ത് വിജയിപ്പിച്ചതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധിസഭ പാസാക്കിയ പ്രമേയം ഉപരിസഭയായ അമേരിക്കൻ സെനറ്റിെൻറ പരിഗണനക്കു വരും. സെനറ്റും ഇത് പാസാക്കിയാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിൽ ഇംപീച്ച്മെൻറ് നടപടികൾ ആരംഭിക്കും. സെനറ്റ് അംഗങ്ങൾ ജ്യൂറിയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിസഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തുപോകേണ്ടിവരും.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷമുള്ളത്. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണ വേണം പ്രമേയം പാസാകാൻ. ഡെമോക്രാറ്റുകൾക്ക് 47 അംഗങ്ങൾ മാത്രമാണുള്ളത്. അതിനാൽ, പ്രമേയം പാസാകാൻ സാധ്യതയില്ല. 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ൻ സർക്കാറിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെൻറ് വിചാരണ നേരിട്ടത്. സ്പീക്കർ നാൻസി പെലോസിയുടെ നിർദേശത്തെ തുടർന്നായിരുന്നു ജനപ്രതിനിധിസഭ ഇംപീച്ച്മെൻറ് നടപടികൾ തുടങ്ങിയത്.