കാനഡയിൽ മുസ്ലിം പള്ളിയിൽ വെടിവെപ്പ്; ആറ് മരണം
text_fieldsക്യൂബക്സിറ്റി: കാനഡയിലെ ക്യൂബക് സിറ്റിയിൽ മുസ്ലിം പള്ളിയിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ സെന്റ് ഫോയി സ്ട്രീറ്റിലെ ഇസ്ലാമിക് കൾച്ചറൽ സെൻററിൽ (ഗ്രാന്റ് മോസ്ക് ഡി ക്യൂബക്) ആയിരുന്നു സംഭവം.
സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമൻ ഒാടി രക്ഷപ്പെട്ടതായി പ്രാദേശിക പത്രമായ ലീ സോലിൽ റിപ്പോർട്ട് ചെയ്തു. പള്ളിയിലും പരിസരത്തുമുള്ള ആളുകളെ ഒഴിപ്പിച്ച പൊലീസ് പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പള്ളിയിൽ രാത്രി പ്രാർഥന നടക്കുന്ന സമയത്ത് തോക്കുധാരികളായ മൂന്ന് പേർ ഉള്ളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടക്കുേമ്പാൾ എകദേശം 40 പേർ പള്ളിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ക്യൂബിക് സിറ്റിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സംഭവം പ്രാകൃതമാണെന്നും പള്ളിയുടെ പ്രസിഡൻറ് മുഹമ്മദ് യാംഗി പ്രതികരിച്ചു. പരിക്കേറ്റവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുേമ്പാൾ മുഹമ്മദ് യാംഗി പള്ളിയിൽ ഉണ്ടായിരുന്നില്ല.
വെടിവെപ്പിൽ ദുഃഖം രേഖപ്പെടുത്തിയ കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡാവു ഭീരത്വപരമായ നടപടിയെന്ന് ട്വീറ്റ് ചെയ്തു.
2016 ജൂണിൽ റമദാനിൽ പള്ളിയുടെ മുന്നിൽ പന്നിത്തല കൊണ്ടിട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
