പൗരത്വ ഭേദഗതി നിയമം; യു.എസിലും ഒടുങ്ങാതെ പ്രതിഷേധം
text_fieldsവാഷിങ്ടൺ: ഇന്ത്യയെ പിടിച്ചുലക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിെൻറ അലയടികൾ അമേരിക്കയിലും. യു.എസിലെ ഷികാഗോ, ബോസ്റ്റൺ എന്നിവിടങ്ങളിൽ ഇന്ത്യൻ വംശജരായ അമേരിക്കക്കാരും ഇന്ത്യൻ വിദ്യാർഥികളും പ്രകടനങ്ങൾ നടത്തി. ഇന്ത്യൻ സാമൂഹിക ഘടന തകർക്കുന്ന നീക്കത്തിനെതിരായ സമരമാണ് തങ്ങളുടേതെന്ന് അവർ പറഞ്ഞു. ഷികാഗോയിലെ െെട്രബ്യൂൺ ടവറിൽനിന്ന് ഇന്ത്യൻ കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ചിൽ 150ഓളം പേർ പങ്കെടുത്തു. ഇന്ത്യൻ സർക്കാർ നടപടി അമ്പരപ്പിക്കുന്നതാണെന്നും ഇത് ഷികാഗോ അപലപിക്കുന്നുെവന്നും വിദ്യാർഥികൾ പ്രസ്താവനയിൽ പറഞ്ഞു. സമരത്തെ അടിച്ചമർത്തുന്ന രീതി പ്രതിഷേധാർഹമാണ്. ജാമിഅ, അലീഗഢ് വിദ്യാർഥികൾക്കുനേരെ നടന്ന പൊലീസ് അതിക്രമത്തിന് ഒരു ന്യായീകരണവുമില്ല -വിദ്യാർഥികൾ വ്യക്തമാക്കി.
വിദ്യാർഥികൾക്കുനേരെ നടന്ന പൊലീസ് നടപടിയെ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം കൗൺസിലും (ഐ.എ.എം.സി) ശക്തമായി അപലപിച്ചു. കടുത്ത ആശങ്കയോടെയും രോഷത്തോടെയുമാണ് ഇന്ത്യയിലെ കാര്യങ്ങളെ ഞങ്ങൾ കാണുന്നത്. പൗരത്വപ്പട്ടികയും, പൗരത്വ ഭേദഗതി നിയമവും ഇന്ത്യൻ സമൂഹത്തെ ഗുരുതരമായി ബാധിക്കും. വിദ്യാർഥികളുടെ പ്രതിഷേധ അവകാശം ജനാധിപത്യത്തിെൻറ ഭാഗമാണ് -ഐ.എ.എം.സി അധ്യക്ഷൻ അഹ്സൻ ഖാൻ വ്യക്തമാക്കി.
നേരത്തേ, മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) പരിസരത്തും ഇന്ത്യൻ വംശജർ പ്രതിഷേധവുമായി ഒത്തുചേർന്നിരുന്നു. ഇതിൽ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, തൊഴിലാളികൾ, കമ്പ്യൂട്ടർ വിദഗ്ധർ, വിദ്യാർഥികൾ, കലാകാരന്മാർ, ഡോക്ടർമാർ, ആക്ടിവിസ്റ്റുകൾ, ഇടതു-ലിബറൽ ബുദ്ധിജീവികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ സംബന്ധിച്ചു.