യു.എൻ പൊതുസഭയിൽ മോദിയും ഇംറാൻ ഖാനും ഇന്ന് നേർക്കുനേർ
text_fieldsയുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താൻ പ്രധാനമന്ത്ര ി ഇംറാൻ ഖാനും നേർക്കുനേർ വരും. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടക്കുന്ന 74ാമത് പൊതുസഭ സമ്മേളനത്തിൽ ഇരു രാഷ്ട്രത ്തലവന്മാരും സംസാരിക്കും.
ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് മോദിയുടെ പ്രസംഗം. ഇതിന് ശേഷമാണ് ഇംറാൻ ഖാന്‍റെ പ്രസംഗം തീരുമാനിച്ചിരിക്കുന്നത്. കശ്മീർ വിഷയം ഇംറാൻ ഖാൻ ലോകരാഷ്ട്രങ്ങൾക്ക് മുന്നാകെ ഉന്നയിക്കും. അതേസമയം, മേഖലയുടെ വികസനവും സമാധാനശ്രമങ്ങളുമാകും മോദിയുടെ പ്രസംഗവിഷയം. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പൊതുസഭ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്.
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന സാർക് രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ പ്രസംഗം പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ബഹിഷ്കരിച്ചിരുന്നു. കശ്മീരിനോട് ഇന്ത്യ കാട്ടിയ അനീതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ബഹിഷ്കരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കശ്മീർ വിഷയം ആഭ്യന്തര വിഷയമാണെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുമ്പോൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിച്ച് ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽകൊണ്ടുവരാനാണ് പാക് നീക്കം.