യു.എൻ ആസ്ഥാനത്തെ ഫിലിപ്പീൻസ് നയതന്ത്ര പ്രതിനിധിക്ക് കോവിഡ് 19
text_fieldsന്യൂയോർക്ക്: ന്യൂയോർക്കിലെ യുനൈറ്റഡ് നേഷൻസ് (യു.എൻ) ആസ്ഥാനത്ത് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഫിലിപ്പ ീൻസ് നയതന്ത്ര പ്രതിനിധിക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചതോടെ യു.എന്നിലെ ഫിലിപ്പീൻസ് പെർമനൻറ് മിഷൻ കെട്ടിടം അടച്ചിട്ടു.
ഇവിടത്തെ ജീവനക്കാരോട് സ്വയം വീട്ടുനിരീക്ഷണത്തിൽ കഴിയാനും നിർദേശം നൽകി. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും യു.എൻ നൽകിയ നോട്ടീസിൽ പറയുന്നു.
വൈറസ് ബാധിച്ച പ്രതിനിധി ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഇവർ യു.എൻ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഈ സമയം ഇവർക്ക് രോഗ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു.
ചൊവ്വാഴ്ച ഇവർക്ക് ചെറിയ പനി തോന്നുകയും കൊറോണ പരിശോധന നടത്തുകയുമായിരുന്നു. ബുധനാഴ്ച ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതേർതെ കോവിഡ് 19 പരിശോധനക്ക് വിധേയനായിരുന്നു. കൂടാതെ രണ്ടു സർക്കാർ ഉന്നത ഉദ്യോഗസ്ഥരെ വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.