ഉപഭോക്താവിനെ വിശ്വസിക്കുന്നതാണ് മികച്ച വിപണന തന്ത്രം: പി.സി.മുസ്തഫ
text_fieldsന്യൂയോർക്ക്: സമൂഹത്തിന് നന്മ ചെയ്യുക എന്നതാണ് താൻ പഠിച്ച ഏറ്റവും വലിയ പാഠമെന്ന് വൈവിധ്യമാർന്ന ബിസിനസ് തന്ത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.ഡി ഫ്രഷ് എന്ന ത കമ്പനിയെ അസൂയാവഹമായ നേട്ടത്തിലെത്തിച്ചു ലോക പ്രശസ്തനായ യുവ സംരംഭകൻ പീസീ മുസ്തഫ. നോർത്ത് അമേരിക്കൻ മലയാളി മുസ്ലിം സംഘടന ന്യൂജഴ്സിയിൽ ഏർപ്പെടുത്തിയ മുഖാമുഖം പരിപാടിയിലാണ് മുസ്തഫ ഇക്കാര്യം അഭിപ്രായപ്പെട്ടത്. അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റി ബിസിനസ്സ് സ്കൂളിലും തുടർന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലും പ്രത്യേകം ക്ഷണിതാവായി വിജയഗാഥ അവതരിപ്പിക്കുക വഴി ലോക ശ്രദ്ധ പിടിച്ചു പറ്റുകയും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത പിസി മുസ്തഫ പ്രത്യേക ക്ഷണം സ്വീകരിച്ചു യു.എൻ സഭയിൽ പ്രസംഗിക്കാനെത്തിയതാണ്.
സാമ്പത്തിക പ്രാരാബ്ദം മൂലം ആറാം ക്ലാസിൽ പഠനം നിർത്തേണ്ടി വരികയും പിന്നീട് സ്വയം പ്രയത്നം കൊണ്ട് കോഴിക്കോട് എൻ.ഐടിയിലും ബാംഗ്ലൂർ ഐ.ഐ.എമ്മിലും പഠിക്കുകയും പിന്നീട് ഏതാനും വർഷങ്ങൾ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തതിനു ശേഷം മാതൃ രാജ്യത്തു വന്നു സംരംഭകത്തിലേക്കിറങ്ങുകയായിരുന്നു.
സമൂഹത്തിന് എന്തെങ്കിലും നല്ലത് ചെയ്യുകയെന്നതാണ് താൻ പഠിച്ച ഏറ്റവും നല്ല പാഠം. സമൂഹത്തിൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന ഏതു നല്ല മാറ്റവും ആദ്യം തന്നിൽ നിന്നും തുടങ്ങണം. ഉപഭോക്താവിനെ വിശ്വസിക്കുകയാണ് അവരുടെ വിശ്വാസം നേടാനുള്ള ഏറ്റവും നല്ല മാർക്കറ്റിംഗ് തന്ത്രമെന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പ്രമുഖ വ്യക്തിതങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം ഉപദേശിച്ചു.

എഴുതിക്കൊണ്ടിരിക്കുന്ന 'ദ അൺഷെയ്കബ്ൾ യു'(The Unshakable You)എന്ന പുസ്തകത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. തുടക്കത്തിൽ അനുഭവിച്ച വെല്ലുവിളികളെക്കുറിച്ചും താൻ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളെ അടിയറവ് വെക്കാതെ തന്നെ അതിനെ എങ്ങിനെ തരണം ചെയ്തുവെന്നും അദ്ദേഹം പങ്കു വെച്ചു.
യു.എ നസീർ സ്വാഗതം ആശംസിച്ചു. സമദ് പൊന്നേരി പരിപാടി നിയന്ത്രിച്ചു. അസീസ് ആർവി MMNJ-യുടെയും മെഹബൂബ് കിഴക്കേപ്പുര നന്മയുടെയും അമേരിക്കൻ മുസ്ലിം സമൂഹത്തിൽ നടത്തിവരുന്ന വിവിധ സാമൂഹിക സാംസ്‌കാരിക കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, ഫോമ പ്രതിനിധികളായ ബെന്നി വാച്ചച്ചിറ, ജിബി എം തോമസ്, ഫോമ വനിതാ വിഭാഗം നേതാവ് ശ്രീമതി ലാലി കളപ്പുരക്കൽ, അനിയൻ ജോർജ്, ജോസ് വർക്കി (മഹാരാജാ ഫുഡ്സ്) എന്നിവർ പി.സി.മുസ്തഫക്കും പുതിയ സംഘടനയായ നന്മക്കും ആശംസകളും എല്ലാ വിധ പിന്തുണകളും നേർന്നു. സദസ്സിൽ നിന്ന് വിദ്യാർത്ഥികളുടെയും ,സ്ത്രീകളുടെയും ചോദ്യങ്ങൾക്ക് മുസ്തഫ വിശദീകരിച്ചു മറുപടി നൽകി. അൻസാർ കാസ്സിം മുഖാമുഖം നിയന്ത്രിച്ചു. സറിൻ ജലാൽ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
