പാകിസ്താനെ ഒറ്റപ്പെടുത്തി എഫ്.എ.ടി.എഫ്; ഡാർക്ക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തും
text_fieldsവാഷിങ്ടൺ: ഭീകരർക്കെതിരെ നടപടിയെടുക്കാത്ത പാകിസ്താനെതിരെ ശക്തമായ നടപടിക്കൊരുങ്ങി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). പാരീസിൽ നടക്കുന്ന എഫ്.എ.ടി.എഫ് പ്ലീനറി സമ്മേളനത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനമാണുയർന്നത്.
എഫ്.എ.ടി.എഫ് നിർദേശങ്ങൾ പാലിക്കാത്ത പാകിസ്താനെ ഡാർക്ക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനാണ് പ്ലീനറി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. അന്തിമ തീരുമാനം യോഗത്തിെൻറ സമാപന ദിവസമായ ഒക്ടോബർ 18 ന് ഔദ്യോഗികമായി അറിയിക്കും.
നിലവിൽ ഗ്രേ ലിസ്റ്റിലുള്ള പാകിസ്താനെ ഡാർക്ക് ഗ്രേ പട്ടികയിലേക്ക് മാറ്റുന്നത് രാജ്യത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന താക്കീതാണ്. പാകിസ്താനെ ഡാർക്ക് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ ലോക ബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കില്ല. ഭീകരവാദത്തിനെതിരെ നടപടിയെടുത്ത് നിലമെച്ചപ്പെടുത്തി കരിമ്പട്ടികയിൽ പെടാതിരിക്കാനുള്ള അവസരമാണിതെന്ന് എഫ്.എ.ടി.എഫ് അധികൃതർ വ്യക്തമാക്കി.
ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്‌മയായ എഫ്.എ.ടി.എഫ് നിർദേശം നൽകിയിട്ടും പാകിസ്താൻ ഭീകര സംഘടനകൾക്ക് ഫണ്ട് നൽകുന്നത് തടയാൻ ശ്രമിക്കുകയോ ലഷ്കർ തീവ്രവാദി ഹാഫിദ് സയ്യിദിനെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. 27 നിർദേശങ്ങളിൽ ആറെണ്ണം മാത്രമാണ് പാകിസ്താൻ നടപ്പിലാക്കിയതെന്നും സംഘടന നിരീക്ഷിച്ചിരുന്നു. തുടർന്ന് ഭീകരർക്കെതിരെ നടപടിയില്ലെങ്കിൽ പാകിസ്താെന കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും എഫ്.എ.ടി.എഫ് താക്കീത് ചെയ്തിരുന്നു.