അമേരിക്കക്ക് ശോഭന ഭാവി നേര്‍ന്ന് ഒബാമയുടെ യാത്രാമൊഴി
text_fieldsവാഷിങ്ടണ്‍: വ്യത്യസ്തനായ രാഷ്ട്രനായകന്‍ എന്ന വിശേഷണം സ്വന്തമാക്കി, വൈറ്റ് ഹൗസില്‍നിന്ന് പടിയിറങ്ങുന്നതോടനുബന്ധിച്ച് അവസാനമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബറാക് ഒബാമ രാഷ്ട്രത്തിന് ശുഭഭാവി ആശംസിച്ചു. വംശീയ നിലപാടുകളാല്‍ വിവാദപുരുഷനായ ഡോണള്‍ഡ് ട്രംപിന്‍െറ അധികാരാരോഹണം ലോകജനതയുടെ ഭാവി അനിശ്ചിതത്വത്തിലേക്ക് തള്ളിവീഴ്ത്തുമെന്ന ആശങ്കകള്‍ ശക്തമാണെങ്കിലും ‘‘സര്‍വവും ശരിപ്പെടാന്‍ പോവുകയാണ്’’ എന്നായിരുന്നു ഒബാമ നല്‍കിയ സന്ദേശത്തിന്‍െറ കാതല്‍. അതേസമയം, രാജ്യത്തെ മൗലിക മൂല്യങ്ങള്‍ക്കുനേരെ ഭീഷണികള്‍ ആവിര്‍ഭവിക്കുന്നപക്ഷം ശക്തമായി പ്രതികരിക്കുന്ന വ്യക്തിയായി തന്നെ അമേരിക്കന്‍ ജനതക്ക് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂല്യങ്ങള്‍ക്കുവേണ്ടി നാം പോരാടുകയും കര്‍മനിരതരാവുകയും വേണം. അവയെ നിസ്സാരമട്ടില്‍ അവഗണിക്കാന്‍ പാടില്ല. തന്‍െറ പിന്‍ഗാമിയായി അധികാരമേല്‍ക്കുന്ന ട്രംപിന് വ്യക്തമായ ഉപദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. വൈദേശിക പ്രശ്നങ്ങളെ സംബന്ധിച്ചും ആഭ്യന്തര വിഷയങ്ങളെ സംബന്ധിച്ചുമുള്ള മികച്ച ഉപദേശങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്. എന്‍െറ കാഴ്ചപ്പാടുകളില്‍നിന്ന് ഭിന്നമായ നിലപാടുകള്‍ കൈക്കൊണ്ടായിരുന്നു അദ്ദേഹം വിജയം വരിച്ചത്. അതിനാല്‍ സ്വന്തം സമീപനങ്ങളുമായിട്ടാകും അദ്ദേഹം മുന്നേറുക. എന്നിരുന്നാലും എന്‍െറ ഉപദേശങ്ങള്‍ വിലമതിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു -ഒബാമ തുടര്‍ന്നു. ശിഷ്ട ജീവിതത്തില്‍ രണ്ടു മക്കള്‍ക്കും സഹധര്‍മിണിക്കുമൊപ്പം കൂടുതല്‍ സമയം ചെലവിടണമെന്നാണ് ആഗ്രഹം. ചിലതെല്ലാം എഴുതണമെന്നും ആഗ്രഹിക്കുന്നു. അതേസമയം, പത്രങ്ങളുടെ വായ മൂടിക്കെട്ടാനോ വോട്ടവകാശം നിഷേധിക്കാനോ ശ്രമങ്ങളുണ്ടായാല്‍ പ്രതിഷേധിക്കാന്‍ ഞാന്‍ രംഗത്തുണ്ടാകും.
‘‘രാഷ്ട്രത്തിന്‍െറ പ്രവര്‍ത്തനരീതി വേറെയാണ്. രാഷ്ട്രീയത്തിന്‍െറ പേരില്‍ അടിസ്ഥാനമൂല്യങ്ങളില്‍ വിട്ടുവീഴ്ച നടത്താന്‍ പാടില്ല’’. കുടിയേറ്റനയം കര്‍ക്കശമാക്കും മുസ്ലിംകളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല തുടങ്ങിയ ട്രംപിന്‍െറ തെരഞ്ഞെടുപ്പുകാല പരാമര്‍ശങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഒബാമയുടെ ഈ വിശദീകരണം. ‘‘ഒരുപക്ഷേ, അധികാരമേല്‍ക്കുന്ന ട്രംപിന് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സാധ്യമാകാതെ വരാം. ഉപദേശകരാകും നയരൂപകര്‍ത്താക്കള്‍. കാബിനറ്റ്, വൈറ്റ് ഹൗസിലെ ജീവനക്കാര്‍ തുടങ്ങിയവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടേ പ്രസിഡന്‍റുമാര്‍ക്ക് മുന്നേറാനാവൂവെന്ന കാര്യവും ഞാന്‍ ട്രംപിനെ ബോധ്യപ്പെടുത്തുകയുണ്ടായി. വംശീയത തൂത്തെറിയപ്പെടണം. പ്രസിഡന്‍റ് പദം ഉള്‍പ്പെടെ സമുന്നത പദവികളില്‍ സര്‍വവംശീയ വിഭാഗങ്ങളിലെയും പ്രതിനിധികള്‍ അവരോധിക്കപ്പെടുന്ന അവസ്ഥയുണ്ടാവണം. ലാറ്റിന്‍ വംശജനോ ഹിന്ദുവോ ജൂതനോ ആരായാലും ശരി കഴിവും യോഗ്യതകളും ആകണം മാനദണ്ഡം. അപ്പോഴാകും കരുത്തുറ്റ അമേരിക്ക നിര്‍മിക്കപ്പെടുക’’. -ഒബാമ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
