സ്വന്തം ജീവൻ വെടിഞ്ഞും മക്കളെ രക്ഷിക്കാൻ തോക്കിന് മുന്നിൽ പ്രതിരോധം തീർത്ത അമ്മ
text_fieldsഹൂസ്റ്റൺ: മാതൃസ്നേഹത്തിന് അതിരുകളില്ല എന്ന ചൊല്ലിനെ അന്വർഥമാക്കിയിരിക്കുകയാണ് അമേരിക്കയിലെ ഒരമ്മ. കഴിഞ്ഞ ദിവസം ടെക്സസിെല ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ തന്‍റെ മക്കളെ അക്രമിയിൽ നിന്നും രക്ഷിക്കാൻ സ്വയം പ്രതിരോധ കവചം തീർത്ത അമ്മ വിലയായി നൽകിയത് സ്വന്തം ജീവനായിരുന്നു. രണ്ടു മക്കളെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് ആ അമ്മ മരണത്തിന് കീഴടങ്ങിയത്.
ജോൻ വാർഡ് എന്ന യുവതിയാണ് നിറതോക്കിന് മുന്നിൽ സ്വന്തം മക്കൾക്കായി ജീവൻ വെടിഞ്ഞത്. അക്രമി വെടിയുതിർത്തപ്പോൾ തൻറെ ഒമ്പത് വയസ്സുള്ള മകൾ റിഹാനയെ മറ്റൊരു വശത്തേക്ക് ഉന്തിമാറ്റുകയായിരുന്നു ജോൻ വാർഡ്. റിഹാന ഒളിച്ചു നിന്നതിനാൽ വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ടു. മറ്റ് മൂന്ന് മക്കളെയും പിറകിലേക്ക് നിർത്തി പ്രതിരോധ കവചം തീർത്ത ജോൻ വാർഡിന്‍റെ ശ്രമം പക്ഷെ പൂർണമായും ഫലം കണ്ടില്ല. രണ്ട് മക്കളുടെ ജീവൻ അക്രമിയുടെ തോക്ക് കവർന്നെടുത്തു.
ഇവരുടെ ഒരു കുടുംബ സുഹൃത്താണ് ഫേസ്ബുക്കിലൂടെ സംഭവം ലോകത്തെ അറിയിച്ചത്. " ഞാൻ ഒളിച്ചിരിക്കുകയായിരുന്നു. അതിനാൽ വെടിയേറ്റില്ല. എമിലിയേയും റൈലാൻഡിനേയും ബ്രൂക്കിനേയും അമ്മ കെട്ടിപ്പിടിച്ചു നിന്നു." ജോന്നിന്‍റെ ഒൻപതുകാരിയ മകൾ റിഹാന പറഞ്ഞതായി സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ജോൻ വാർഡും മകൾ അഞ്ചു വയസ്സുകാരി ബ്രൂക്കും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മറ്റൊരു മകൾ എമിലി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ജോൻ വാർഡിന്‍റെ മകൻ അഞ്ചു വയസ്സുകാരനായ റൈലാൻഡിന് അഞ്ചു തവണ വെടിയേറ്റു. ഗുരുതര നിലയിലായിരുന്ന കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. വാർഡിൻെറ ഭർത്താവ് ക്രിസ് രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ ഉറങ്ങവേയാണ് വെടിവെപ്പുണ്ടാകുന്നത്. 26 പേരാണ് ആക്രമണത്തിൽ ആകെ കൊല്ലപ്പെട്ടത്.
പ്രാർഥന നടന്നുകൊണ്ടിരിക്കെ മുൻ യു.എസ് എയർഫോഴ്സ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയത്. സുതർലൻഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. സൈനിക തോക്കുപയോഗിച്ചായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾെപ്പടെ അഞ്ചുവയസ്സിനും 72 വയസ്സിനിടയിലുമുള്ളവരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
