''അമ്മേ ഞങ്ങൾ സുരക്ഷിതരാണ്''; അന്ത്യ യാത്രാമൊഴിയായി ആ സന്ദേശം
text_fieldsമെക്സികോ സിറ്റി: ''ഞാൻ അവനോട് പറഞ്ഞതാണ്, പോകരുതെന്ന്. കുടുംബത്തിനും മകൾക്കും നല്ല ഭാവിയെന്നത് അവന്റെ സ്വപ്നമായിരുന്നു....'' - ഇതു പറയുമ്പോൾ റോസ റാമിറസ് വിതുമ്പി. അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മെക് സികോ-യു.എസ് അതിർത്തിയിലെ റിയോ ഗ്രാൻഡ് നദിയിൽ മുങ്ങി മരിച്ച 26 കാരൻ ഓസ്കർ ആൽബർട്ട ോ മാർട്ടിനസ് റാമിറസിന്റെ മാതാവാണ് റോസ.
എൽസാൽവദോറിൽനിന്നുള്ള കുടിയേറ്റക്കാ രായ മാർട്ടിനസും രണ്ടുവയസ്സുള്ള കുഞ്ഞുമകൾ വലേരിയയുമാണ് മുങ്ങി മരിച്ചത്. മാർട്ടിനസിന്റെ ടീഷർട്ടിനുള്ളിലായാണ് വലേരിയ കിടന്നിരുന്നത്. ഒരു കൈകൊണ്ടവൾ പിതാവിനെ മുറുകെ പുണർന്നിരുന്നു. ജീവനറ്റ് കിടക്കുന്ന മാർട്ടിനസിന്റെയും കുഞ്ഞിന്റെയും ചിത്രം മാധ്യമപ്രവർത്തകയായ ജൂലിയ ലെ ഡ്യൂകാണ് പകർത്തിയത്. മെക്സിക്കോ, വെനിസ്വേല, എൽസാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥി പലായനത്തിന്റെ ദുരന്ത ചിത്രമായി അത് മാറിയിരുന്നു.

''അമ്മേ, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ് എന്ന എസ്.എം.എസാണ് മകന്റേതായി അവസാനമായി ലഭിച്ചത്. ആ മെസ്സേജ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു അതൊരു യാത്രാമൊഴിയാണെന്ന്. ആ ചിത്രം എനിക്ക് കാണാനേ വയ്യ. അവൻ എങ്ങിനെയാണ് മകളെ സംരക്ഷിച്ചിരുന്നതെന്ന് ആ ചിത്രം കാണിച്ച് തരുന്നില്ലേ. ഇതായിരുന്നു അവളുടെ പ്രിയപ്പെട്ട പാവ -പേരക്കുട്ടിയുടെ കളിപ്പാവകൾ ഉയർത്തി റോസ കരഞ്ഞു.

ഭാര്യ വനേസ അവലോസിനും മകൾക്കുമൊപ്പമാണ് മാർട്ടിനസ് മെക്സിക്കൻ അതിർത്തിയിലെത്തിയത്. മകളെയും കൊണ്ട് ആദ്യം നീന്തിക്കടന്നു. നദിക്കരയിൽ കുഞ്ഞിനെ നിർത്തി ഭാര്യയെ കൂട്ടാനായി തിരിച്ചു നീന്തുന്നതിനിടെ വലേരിയ നദിയിലേക്ക് വീണു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും ഒഴുക്കിൽപെട്ടു. കൈയിൽ കിട്ടിയപ്പോൾ അവളെ ചേർത്തുപിടിച്ചാണ് മാർട്ടിനസ് നീന്തിത്തുടങ്ങിയത്. മകളും ഭർത്താവും മുങ്ങിത്താഴുന്നതുവരെ നോക്കിനിൽക്കാനേ വനേസക്കു കഴിഞ്ഞുള്ളൂ.
മെക്സിക്കൻ അതിർത്തിയിൽതന്നെ കനത്ത ചൂട് സഹിക്കാനാവാതെ മൂന്നു കുഞ്ഞുങ്ങളും അമ്മയും വെന്തുമരിച്ച വാർത്ത പുറത്തുവന്നിരുന്നു. അരിസോണയിലെ മരുഭൂമിയിൽ അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബത്തിലെ ബാലിക ദാഹിച്ച് മരിച്ചിരുന്നു.