കാർട്ടിയർ വിമൻസ് ഇനിഷ്യേറ്റിവ് അവാർഡ് ഇന്ത്യൻ എൻജിനീയർക്ക്
text_fieldsസിംഗപ്പൂർ സിറ്റി: മികച്ച വനിത സംരംഭകർക്കുള്ള കാർട്ടിയർ വിമൻസ് ഇനിഷ്യേറ്റിവ് അവാർഡ് ഇന്ത്യൻ പരിസ്ഥിതി എൻജിനീയർ തൃപ്തി ജെയിനി (46)ന്. കൃഷിയിടങ്ങളിലെ ജലവിനിയോഗം, വരൾച്ച-വെള്ളപ്പൊക്കം എന്നിവയിൽനിന്ന് ചെറുകിട കർഷകരെ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയത്. 120 രാജ്യങ്ങളിൽനിന്നുള്ള 1,900 പേരിൽനിന്നാണ് ഏഷ്യ-പെസഫിക് ജേതാവായി തൃപ്തിയടക്കം ആറുപേരെ തെരഞ്ഞെടുത്തത്. 1,00,000 ഡോളറാണ് അവാർഡ് തുക. സിംഗപ്പൂരിലെ വിക്ടോറിയ തിയറ്ററിലും കൺസേർട്ട് ഹാളിലുമായി നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.
ഇന്ത്യയിൽ ഗ്രാമവികസന വകുപ്പിൽ രണ്ട് ദശാബ്ദത്തിലേറെയായി സർക്കാർ ഉദ്യോഗസ്ഥയാണ് തൃപ്തി. വനിത കർഷകർക്കു വേണ്ടി ഇവർ നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പുരസ്കാര തുക സ്ത്രീകളുടെ കഴിവുകളും അറിവും പരിഗണിക്കപ്പെടുന്നതിന് സർട്ടിഫിക്കേഷൻ പ്രോഗ്രാം രൂപവത്കരിക്കാൻ ഉപയോഗിക്കുമെന്ന് തൃപ്തി പറഞ്ഞു. ‘നൈരീത സർവിസസ്’ എന്ന പേരിൽ 2013ലാണ് തൃപ്തി ജലസംരക്ഷണ പരിഹാര പദ്ധതി ആരംഭിച്ചത്. ഇതിലൂടെ ചെറുകിട കർഷകർക്ക് വെള്ളം ശുദ്ധീകരിക്കാനും ഭൂഗർഭ അറകളിൽ സംഭരിക്കാനുമായി. 18,000 കർഷകർ പദ്ധതിയുടെ നേരിട്ടുള്ള ഉപഭോക്താക്കളാണ്.
ഇന്നും ലിംഗവ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ വനിത സംരംഭകരുടെ പ്രവർത്തനങ്ങൾക്ക് ബഹുമതി നൽകേണ്ടതിെൻറ ആവശ്യകത തിരിച്ചറിയുകയായിരുന്നു എന്നും കാർട്ടിയർ ഇൻറർനാഷനൽ ചീഫ് എക്സിക്യൂട്ടിവ് സിറിൽ വിഗനറോൺ അഭിപ്രായപ്പെട്ടു. ആഫ്രിക്കയിൽനിന്നുള്ള രണ്ടുപേരും ലാറ്റിൻ അമേരിക്ക, നോർത്ത് അമേരിക്ക, യൂറോപ് എന്നിവിടങ്ങളിൽനിന്നുള്ളവരുമാണ് അവാർഡ് നേടിയ മറ്റുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
