ഫിലിപ്പീൻസിൽ മുൻകരുതൽ നിർദേശം ലംഘിച്ചയാളെ വെടിവെച്ച് കൊന്നു
text_fieldsമനില: ലോക്ഡൗൺ കാലത്തെ മുൻകരുതൽ നിർദേശം ലംഘിച്ച് പുറത്തിറങ്ങുകയും ഇത് ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രവർത്തകനെ ആക് രമിക്കുകയും ചെയ്ത 63കാരനെ ഫിലിപ്പീൻസിൽ വെടിവെച്ച് കൊന്നു. മാസ്ക് ധരിക്കാതെയാണ് മദ്യലഹരിയിൽ ഇയാൾ പുറത്തിറങ്ങി യത്. ഇത് ലോക്ഡൗൺ കാലത്തെ മുൻകരുതൽ നിർദേശത്തിന് എതിരാണെന്ന് ഗ്രാമീണ ആരോഗ്യ പ്രവർത്തകൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഇയാൾ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആരോഗ്യ പ്രവർത്തകനെ ആക്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസിനു നേരെയും ഇയാൾ ആയുധം വീശി. തുടർന്ന് ഗത്യന്തരമില്ലാതെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. തെക്കൻ പ്രവിശ്യാ പ്രദേശമായ നാസാപിറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കോവിഡ് വ്യാപനത്തെ തുടർന്ന് ഫിലിപ്പീൻസിൽ ഒരു മാസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കോവിഡ് മരണം 100 കടന്ന സാഹചര്യത്തിൽ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ചുകൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസിനും സൈന്യത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഫിലിപ്പീന്‍സില്‍ ഇതുവരെ 3660 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 163 പേര്‍ ഇതിനോടകം മരണപ്പെട്ടു.