ഡ്രൈവർ രക്ഷിച്ചില്ല; ഇന്ത്യൻ വംശജ കാറിനുള്ളിൽ വെന്തുമരിച്ചു
text_fieldsന്യൂയോർക്: കാറപകടത്തിൽപെട്ട ഇന്ത്യൻ വംശജ വെന്തുമരിച്ചു. 25 വയസ്സുള്ള ഹർലീൻ ഗ്രീവാൾ ആണ് ദാരുണമായി മരിച്ചത്. അപകടത്തിനുശേഷം കാറിനുള്ളിൽ കുടുങ്ങിയ യുവതിയെ ഡ്രൈവർ സഇൗദ് അഹമ്മദ് (23) രക്ഷിക്കാൻ ശ്രമിക്കാതെ ആശുപത്രിയിലേക്ക് പോയതാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. കോൺക്രീറ്റ് ഭിത്തിയിലിടിച്ച കാറിന് തീപിടിക്കുകയായിരുന്നു.
ബ്രൂക്ലിൻ-ക്വീൻസ് എക്സ്പ്രസ്വേയിലാണ് സംഭവം. അപകടം നടന്നയുടൻ ഡ്രൈവർ കാറിനുള്ളിൽനിന്ന് പുറത്തുകടന്നു. വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകരാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. തീ കെടുത്തിയശേഷമാണ് കാറിനുള്ളിൽ ഒരാൾകൂടിയുണ്ടെന്ന് സംഘം അറിഞ്ഞത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഹർലീൻ മരിച്ചു. ഡ്രൈവർ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇയാളുടെ പേരിൽ പൊലീസ് നരഹത്യക്കു കേസെടുത്തു.
