ന്യൂയോർക്: അമേരിക്കയെ നടുക്കിയ 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടയാളെ 16 വർഷത്തിനു ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ ചീഫ് മെഡിക്കല്‍ എക്സാമിനര്‍ ഓഫിസ് തിരിച്ചറിഞ്ഞു.
കുടുംബത്തിെൻറ അഭ്യർഥനയനുസരിച്ച് മരിച്ചയാളുടെ പേര് മെഡിക്കൽ സംഘം വെളിപ്പെടുത്തിയിട്ടില്ല. ശരീരാവശിഷ്ടങ്ങളുടെ അത്യാധുനിക ഡി.എൻ.എ പരിശോധന വഴിയാണ് തിരിച്ചറിഞ്ഞത്. മരിച്ചയാൾ പുരുഷനാണ്. 2001ൽ ലഭിച്ച ശരീരാവശിഷ്ടങ്ങളാണ് ആവർത്തിച്ച് പരിശോധനക്ക് വിധേയമാക്കിയത്. 2015 മാര്‍ച്ചിലാണ് ഇതിനു മുമ്പ് മരിച്ച ഒരാളെ ഇവിടെ തിരിച്ചറിഞ്ഞത്.
ആക്രമണത്തിൽ 19 ഭീകരരുൾപ്പെടെ 2996 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 1641പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അവേശഷിക്കുന്നവരെ തിരിച്ചറിയുന്നതിനായുള്ള ശ്രമം തുടരുകയാണ് ശാസ്ത്രലോകം. പലതും നിരവധി തവണ ഡി.എൻ.എ പരിശോധന നടത്തിയിട്ടും ഫലപ്രദമായില്ല. പുതിയ സാേങ്കതികവിദ്യ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രസംഘം. ആക്രമണത്തെ തുടർന്ന് 2001ലും 2002ലും ദുരന്ത ഭൂമിയില്‍ നടത്തിയ പരിശോധനകളില്‍ ലഭിച്ച മനുഷ്യാവശിഷ്ടങ്ങളില് ഡി.എന്‍.എ പരിശോധന നടത്തിയാണ് ആളുകളുടെ വിവരങ്ങൾ മനസിലാക്കിയത്.