കർട് വോൾകറുടെ രാജി: എക്സ്ക്ലൂസിവ് വാർത്തക്കു പിന്നിൽ വാഴ്സിറ്റി വിദ്യാർഥി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിവാദ ടെലിഫോൺ സംഭാഷണത്തെ തുട ർന്ന് യുക്രെയ്നിലെ യു.എസ് പ്രത്യേക ദൂതൻ കർട് വോൾകർ രാജിവെച്ച വാർത്ത പുറത്തുകൊണ്ടുവന്നത് വിദ്യാർഥിയായ മാധ്യമപ്രവർത്തകൻ. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ പത്രമായ ‘സ്റ്റേറ്റ് പ്രസി’െൻറ മാനേജിങ് എഡിറ്റർ 20കാരനായ ആൻഡ്രു ഹോവാർഡാണ് കഴിഞ്ഞ ദിവസം ലോകം ശ്രദ്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് കർട് രാജിവെച്ച വാർത്ത സ്റ്റേറ്റ് പ്രസിെൻറ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ചത്. ഇത്ര വലിയ വാർത്തയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹോവാർഡ് പറഞ്ഞു. സാധാരണ അരിസോണയിലെ മാധ്യമങ്ങളുമായാണ് വാഴ്സിറ്റി പത്രം മത്സരിക്കാറ്. പക്ഷേ, മത്സരം ലോക മാധ്യമങ്ങളോടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അരിസോണ യൂനിവേഴ്സിറ്റിക്കു കീഴിലുള്ള മക്കൈൻ ഇൻസ്റ്റിറ്റ്യൂട്ടിെൻറ എക്സിക്യൂട്ടിവ് ഡയറക്ടറാണ് കർട്. അദ്ദേഹത്തിന് ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള അടുത്ത ബന്ധം മനസ്സിലാക്കിയ ഹോവാർഡ് ടെലിഫോൺ സംഭാഷണ വിവാദം തുടങ്ങിയത് മുതൽ അതിനെ പിന്തുടർന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഉദ്യോഗസ്ഥനാണ് കർട് രാജിവെച്ച വിവരം ഹോവാർഡിന് കൈമാറിയത്.
അരിസോണ റിപ്പബ്ലിക് എന്ന പ്രാദേശിക പത്രത്തിൽ ഇേൻറൺഷിപ് ചെയ്യുന്ന ഹോവാർഡ്, വൈകീട്ട് 6.15ന് വാർത്ത ഓൺലൈനിൽ വരുേമ്പാൾ അവിടത്തെ ന്യൂസ് ഡെസ്കിൽ ജോലിയിലായിരുന്നു. ‘‘ഇതിൽ എന്നോട് ക്ഷമിക്കൂ’ എന്നാണ് അവിടെയുള്ളവരോട് പറഞ്ഞത്. ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് കോൺഗ്രസ് പ്രതിനിധിസഭ സമിതി മുമ്പാകെ അടുത്ത വ്യാഴാഴ്ച ഹാജരാകണമെന്ന് കർട്ടിനോട് ഉത്തരവിട്ടിട്ടുണ്ട്.