പ്രീബസിനെ നീക്കി; ജോൺ കെല്ലി പുതിയ ചീഫ് ഒാഫ് സ്റ്റാഫ്
text_fieldsവാഷിങ്ടൺ: വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത രൂക്ഷമായതായ റിപ്പോർട്ടുകൾക്കിടെ ചീഫ് ഒാഫ് സ്റ്റാഫ് റൈൻസ് പ്രീബസിനെ തൽസ്ഥാനത്തുനിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നീക്കി. പകരം മുൻ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ജനറലായിരുന്ന ജോൺ കെല്ലിയെ നിയമിച്ചിട്ടുമുണ്ട്. ട്വിറ്ററിലൂടെയാണ് പ്രസിഡൻറ് വിവരം അറിയിച്ചത്.
മഹാനായ അമേരിക്കക്കാരനും മികച്ച നേതാവുമാണ് ജോൺ കെല്ലിയെന്നും തെൻറ ഭരണത്തിലെ യഥാർഥ താരമാണ് അദ്ദേഹമെന്നും ട്രംപ് പറഞ്ഞു. നിലവിലെ ചീഫ് ഒാഫ് സ്റ്റാഫ് റൈൻസ് പ്രീബസും പുതിയ കമ്യൂണിക്കേഷൻ ഡയറക്ടറും തമ്മിൽ ഭിന്നത രൂക്ഷമായതായി കഴിഞ്ഞദിവസങ്ങളിൽ മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പ്രസിഡൻറിന് അനിഷ്ടമുണ്ടായിരുന്നതായും ചില മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് പുതിയ മാറ്റമുണ്ടായിരിക്കുന്നത്. കെല്ലി തെരഞ്ഞെടുപ്പ് പ്രചാരണവേളയിലടക്കം ട്രംപിനെ പിന്തുണച്ച ആളായിരുന്നു. യു.എസ് സൈന്യത്തിൽ ഉന്നത പദവികൾ വഹിച്ച ഇദ്ദേഹം ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കെല്ലി ചുമതലയേൽക്കുമെന്ന് വൈറ്റ്ഹൗസ് പത്രക്കുറിപ്പിൽ പിന്നീട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
