യു.എസ് പ്രസിഡൻറ് മത്സരത്തിന് ജോ ബൈഡനും
text_fieldsവാഷിങ്ടൻ: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കു വിരാമമിട്ട് യു.എസ് മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡൻറ് െതരഞ്ഞെടുപ്പ് പോരാട്ടത്തിനുണ്ടെന്ന് പ്രഖ്യാപിച്ചു. യു.എസിലെ ജനാധിപത്യമുൾപ്പെടെയെല്ലാം അപകടാവസ്ഥയിലാണെന്ന് ഒരു വിഡിയോ പ്രഖ്യാപന ത്തിൽ ബൈഡന് അറിയിച്ചു. അതുകൊണ്ടാണ് പ്രസിഡൻറ് െതരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകാൻ താൽപര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡെമോക്രാറ്റുകളിൽനിന്ന് സ്ഥാനാർഥി മോഹവുമായി നടക്കുന്ന 20 പേരിൽ ഏറ്റവും സാധ്യത ബൈഡനാണ്.
സെനറ്റർമാരായ എലിസബത്ത് വാറൻ, കമല ഹാരിസ്, ബേണി സാൻഡേഴ്സ് എന്നിവരും ഡെമോക്രാറ്റ് നിരയില്‍ സ്ഥാനാർഥിയാകാൻ കാത്തുനിൽക്കുകയാണ്. ആറു തവണ സെനറ്ററായിട്ടുള്ള ബൈഡൻ രണ്ട് പ്രാവശ്യം യു.എസ് വൈസ് പ്രസിഡൻറ് ആയി. 1988ലും 2008ലും പ്രസിഡൻറ് െതരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റു. പ്രഖ്യാപനത്തിനു മുേമ്പ ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ നടത്തിയ സർവേകളിൽ ഏറ്റവും മുന്നില്‍ ജോ ബൈഡനായിരുന്നു.
അതിനിടെ, പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള മാനസികാരോഗ്യം ബൈഡനുണ്ടെന്ന് തോന്നുന്നില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.