ഇറാൻ റെവലൂഷനറി ഗാർഡിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ യു.എസ്
text_fieldsതെഹ്റാൻ: ഉപരോധങ്ങളിൽ പെട്ടുഴലുന്ന ഇറാനെ ഞെരുക്കാൻ കൂടുതൽ നടപടികളുമായി യു.എ സ്. ഇറാനിലെ സൈനിക വിഭാഗമായ റെവലൂഷനറി ഗാർഡിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ യു.എസ് ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യമായാണ് മറ്റൊരു രാജ്യത്തിെൻറ സൈന്യത്തെ യു.എസ് ഭീകരവാദികളായി മുദ്രകുത്താൻ നീക്കം നടത്തുന്നത്.
തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ഉത്തരവിറക്കിയേക്കും. തങ്ങൾക്ക് പഥ്യമല്ലാത്ത രാജ്യങ്ങൾക്കെതിരെ ഇത്തരം നടപടികളുമായി മുന്നോട്ടുപോകാനാണ് യു.എസ് സൈന്യത്തിെൻറയും ഇൻറലിജൻസ് ഉദ്യോഗസ്ഥരുടെയും ഗൂഢപദ്ധതിയെന്നും വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ പെൻറഗണും വൈറ്റ്ഹൗസും സ്റ്റേറ്റ് ഡിപ്പാർട്മെൻറും വിസമ്മതിച്ചു.
യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് പുതിയ തീരുമാനത്തിന് പിന്നിൽ. ആണവ കരാറിൽനിന്ന് യു.എസ് പിന്മാറിയതിെൻറ വാർഷികത്തോടനുബന്ധിച്ചായിരിക്കും പ്രഖ്യാപനം. കരാറിൽനിന്ന് പിന്മാറിയതിനു പിന്നാലെ റെവലൂഷനറി ഗാർഡുമായി ബന്ധം പുലർത്തുന്നുവെന്നാരോപിച്ച് നിരവധി സ്ഥാപനങ്ങളെയും ആളുകളെയും യു.എസ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. 1979ലാണ് ഇസ്ലാമിക് റെവലൂഷനറി ഗാർഡ്സ് കോർപിെൻറ രൂപവത്കരണം.