ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ഹിന്ദു പുരോഹിതന് മർദനം; ഒരാൾ പിടിയിൽ
text_fieldsന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ഹിന്ദു പുരോഹിതന് നേരെ ന്യൂയോർക്കിൽ ആക്രമണം. ഗ്ലെൻ ഓക്സിലെ ശിവ് ശക്തി പീ ത് ക്ഷേത്രത്തിലെ പുരോഹിതനായ സ്വാമി ഹരീഷ് ചന്ദർപുരി ആണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ 11 മണിയോട െയായിരുന്നു സംഭവം.
തെരുവിലൂടെ നടന്ന് പോകവെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഒരാൾ പിന്നിൽ നിന്ന് മർദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ പുരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരീഷ് ചന്ദർ പുരിയുടെ മുഖം ഉൾപ്പടെ ശരീരത്തിൻെറ വിവിധ ഭാഗങ്ങളിൽ ചതവുകളേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സെർജിയോ ഗൗവേയ്(52) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മർദിച്ചതിനും അപമാനിച്ചതിനും കുറ്റകരമായ രീതിയിൽ ആയുധം കൈവശം വെച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ‘ഇത് എൻെറ അയൽപക്കമാണ്’ എന്ന് ആക്രമണത്തിനിടെ അക്രമി വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നാണ് വിവരം.
നാല് ഡെമോക്രാറ്റിക് കോൺഗ്രസ് വനിതകൾക്കെതിരെ ട്രംപ് ട്വീറ്റ് ചെയ്ത് ദിവസങ്ങൾക്കകമാണ് പുരോഹിതനെതിരെ ആക്രമണമുണ്ടായത്. ‘‘ഞങ്ങളുടെ രാജ്യം സ്വതന്ത്രവും സുന്ദരവും വിജയകരവുമാണ്. നിങ്ങൾ ഞങ്ങളുടെ രാജ്യത്തെ വെറുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇവിടെ സന്തോഷകരമല്ലെങ്കിൽ, പോകാം.’’എന്നായിരുന്നു ട്രംപിൻെറ ട്വീറ്റ്.